Saturday, April 11News That Matters
Shadow

ശ്രീനന്ദയുടെ മരണം: തലയ്ക്കേറ്റ ഗുരുതര പരിക്ക് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി പെൺകുട്ടി ശ്രീനന്ദയുടെ (15) പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. തലയുടെ വലതുഭാഗത്തേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. വീഴ്ചയുടെ ആഘാതത്തിൽ ശരീരത്തിലുടനീളം പരിക്കുകളുണ്ടെന്നും പലയിടങ്ങളിലും അസ്ഥികൾ പൊട്ടിയ നിലയിലാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഈ പരിക്കുകൾ വീഴ്ചയിൽ സംഭവിച്ചതാണെന്നും മരണത്തിൽ മറ്റ് അസ്വാഭാവികതകൾ നിലവിൽ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ചിക്കമഗളൂരു ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം ഇന്ന് രാവിലെ ഒൻപത് മണിയോടെ ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും. പത്ത് മണി വരെ വീട്ടിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം പത്തരയോടെ ലക്കിടി തിരുവില്വാമല ഐവർമഠത്തിൽ സംസ്കരിക്കും.​നാല് ദിവസം നീണ്ട ഊർജിതമായ തെരച്ചിലിനൊടുവിൽ മാണിക്യധാര വെള്ളച്ചാട്ടത്തിന് 1500 അടി താഴെ നിന്നാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. അത്യാധുനിക തെർമൽ ഡ്രോണുകളുടെ സഹായത്തോടെ മലയടിവാരത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്താനായത്. ചെങ്കുത്തായ മലയുടെ ഉള്ളിലേക്കുള്ള ഭാഗത്തായതിനാൽ ഏറെ പ്രയത്നിച്ചാണ് ഉദ്യോഗസ്ഥർ മൃതദേഹത്തിനടുത്തെത്തിയത്. കർണാടക പോലീസിന്റെ സോക്കോ ടീമും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. അതേസമയം, ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. പെൺകുട്ടി അബദ്ധത്തിൽ അത്രയും താഴ്ചയിലേക്ക് വീഴാൻ സാധ്യതയില്ലെന്നും ആരെങ്കിലും അപായപ്പെടുത്തി അവിടെ കൊണ്ടുപോയി ഇട്ടതാകാമെന്നുമാണ് ബന്ധുക്കളുടെ സംശയം. ഈ ആരോപണം ഗൗരവമായി കാണുമെന്നും എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും ചിക്കമഗളൂരു ജില്ലാ പോലീസ് മേധാവി അറിയിച്ചു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് അവധിക്കാലം ആഘോഷിക്കാൻ കുടുംബത്തോടൊപ്പം പോയ കടപ്പടിപ്പുറം സ്വദേശി രമേശിന്റെയും രോഹിണിയുടെയും മകളുടെ വിയോഗം നാടിന് വലിയ നോവായി മാറിയിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL