അബുദാബി: അബുദാബിയിൽ മലയാളികൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി. മലപ്പുറം കീഴ്‌ശേരി സ്വദേശിയും ദുബായിലെ വ്യാപാരിയുമായ അബ്ദുൽ ലത്തീഫിന്റെ മകൻ അസാം ബിൻ അബ്ദുല്ലത്തീഫ് (7) ആണ് മരിച്ചത്. ഇതോടെ ഈ ദാരുണമായ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. അബുദാബിയിൽ നിന്ന് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന നിസാൻ പട്രോൾ കാർ അപകടത്തിൽപ്പെടുകയായിരുന്നു. നേരത്തെ, അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയും അപകടത്തെത്തുടർന്ന് മരിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന അസാം ഇന്ന് മരണത്തിന് കീഴടങ്ങിയതോടെ ഒരു കുടുംബത്തിലെ നാല് കുഞ്ഞുങ്ങളെയാണ് അബ്ദുൽ ലത്തീഫിന് നഷ്ടമായത്. അപകടത്തിൽ പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യയും അദ്ദേഹത്തിന്റെ മാതാവും നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മലപ്പുറം കീഴ്‌ശേരി സ്വദേശികളായ ഈ കുടുംബത്തിന് സംഭവിച്ച വലിയ ദുരന്തം പ്രവാസി മലയാളി സമൂഹത്തിനിടയിൽ കടുത്ത നോവായി മാറിയിരിക്കുകയാണ്.

