Thursday, September 18News That Matters
Shadow

ജന്നത്തിന് ഇനി ജെൻഡര്‍ ന്യൂട്രല്‍ യൂണിഫോം ധരിക്കാം; വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി

മഞ്ചേരി ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ ഏഴാംക്ലാസുകാരി ജന്നത്ത് സമരവീരയ്ക്ക് ഇനി സ്വന്തം ആഗ്രഹപ്രകാരം പാന്റും ഷർട്ടുമിട്ട് സ്കൂളില്‍ പോകാം. പി.ടി.എ. നിശ്ചയിച്ച യൂണിഫോം തന്നെ ധരിക്കണമെന്ന സ്കൂള്‍ അധികൃതരുടെ നിലപാട് തിരുത്തി വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞദിവസം പ്രത്യേക ഉത്തരവിറക്കി.

സ്കൂളില്‍ ആണ്‍കുട്ടികള്‍ക്ക് പാന്റും ഷർട്ടും പെണ്‍കുട്ടികള്‍ക്ക് ചുരിദാറും പാന്റും ഓവർകോട്ടുമാണ് യൂണിഫോം. സ്ലിറ്റ് ഇല്ലാത്ത സല്‍വാർ ടോപ്പ് ധരിക്കുന്നതുവഴി തന്റെ മകള്‍ക്ക് ബസില്‍ കയറാനോ സ്വതന്ത്ര ചലനത്തിനോ സാധിക്കുന്നില്ലെന്നും ഓവർകോട്ടിടുന്നത് ചൂടുകാലത്ത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി രക്ഷിതാവ് അഡ്വ. ഐഷ പി. ജമാല്‍ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് പരാതി നല്‍കിയിരുന്നു. ഇതു പരിശോധിച്ചാണ് ജന്നത്തിന് തന്റെ ഇഷ്ടപ്രകാരം ജെൻഡർ ന്യൂട്രല്‍ യൂണിഫോം ധരിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ഇതില്‍ താത്പര്യമില്ലാത്തവർക്ക് പി.ടി.എ. നിർദേശിച്ച രീതിയിലുള്ള യൂണിഫോം ധരിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കി. പെണ്‍കുട്ടികളുടെ യൂണിഫോംമാറ്റം സംബന്ധിച്ച പരാതി ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്കൂള്‍ അധികൃതരെയും രക്ഷിതാക്കളെയും പരാതിക്കാരിയെയും വിദ്യാർഥിയെയും ഉള്‍പ്പെടുത്തി പ്രത്യേക യോഗം ചേർന്ന് ചർച്ചചെയ്തിരുന്നു. എന്നാല്‍ നിലവിലെ യൂണിഫോം മാറ്റാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു പി.ടി.എ.യുടെ നിലപാട്. തുടർന്നാണ് പി.ടി.എ. കമ്മിറ്റിക്ക് തങ്ങളുടെ തീരുമാനം നടപ്പാക്കാനും ജന്നത്തിന് ഇഷ്ടപ്രകാരം പാന്റും ഷർട്ടും ധരിക്കാനും അനുവദിച്ച്‌ വിദ്യാഭ്യാസ വകുപ്പ് പ്രശ്നം പരിഹരിച്ചത്.

തന്റെ കുട്ടിക്ക് ആണ്‍കുട്ടികളുടേതുപോലെ പാന്റും ഷർട്ടും ധരിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് സ്കൂള്‍ അധികൃതർക്ക് അപേക്ഷനല്‍കിയെങ്കിലും നിരസിക്കുകയാണുണ്ടായതെന്ന് ഐഷ പി. ജമാല്‍ പറഞ്ഞു. ആണ്‍കുട്ടികള്‍ക്ക് അവകാശപ്പെട്ട യൂണിഫോം പെണ്‍കുട്ടികള്‍ക്ക് നിഷേധിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വമെന്ന ആശയത്തിനു വിരുദ്ധമാണ്. വിദ്യാഭ്യാസ നിലവാരത്തിലും പുരോഗമന കാഴ്ചപ്പാടിലും പ്രതീക്ഷയർപ്പിച്ചാണ് മകളെ സർക്കാർ വിദ്യാലയത്തില്‍ പഠിപ്പിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലില്‍ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL