Wednesday, September 17News That Matters
Shadow

കണ്ണൂരിൽ ഹജ്ജ് ഹൗസ് നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്തി,ഒരു വർഷത്തിനുള്ളിൽ പണി പൂർത്തീകരിക്കും: മന്ത്രി വി. അബ്ദുറഹ്‌മാൻ

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിന് യാത്രയാകുന്ന മൂന്ന് എമ്പാർക്കേഷൻ പോയിന്റുകളിലൊന്നായ കണ്ണൂർ വിമാനത്താവളത്തിന് സമീപം സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസ് നിർമ്മിക്കുമെന്ന് ബഹു. കായികം, വഖഫ്, ഹജ്ജ് തീർഥാടനം, ന്യൂനപക്ഷ ക്ഷേമം വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു. പുതിയ ഹജ്ജ് ഹൗസ് ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് വിഭാവനം ചെയ്യുന്നതെന്നും ബഹു. മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു. മട്ടന്നൂരിൽ എയർപോർട്ട് കോമ്പൗണ്ടിൽ കിൻഫ്രയുടെ ഭൂമിയിൽ ഹജ്ജ് ഹൗസ് നിർമിക്കാനാണ് തീരുമാനം. ഹജ്ജ് ഹൗസിനായി കണ്ടത്തിയ ഭൂമി ഹജ്ജ് കമ്മിറ്റി ചെയർമാൻ, ഹജ്ജ് കമ്മിറ്റി അംഗങ്ങൾ, മറ്റു ജന പ്രതിനിധകൾ എന്നിവരോടൊപ്പം സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഭൂമി കൈമാറ്റത്തിനായി വ്യവസായ വകുപ്പു മന്ത്രിയുമായി ചർച്ച നടത്തി ഭൂമി വിട്ടുത്തരാൻ തീരുമാനമായിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു. 10 കോടി രൂപയാണ് ഏകദേശ നിർമാണ ചിലവായി പ്രതീക്ഷിക്കുന്നത്. ധാരാളം തീർഥാടകർ കണ്ണൂരിൽനിന്ന് ഹജ്ജിന് പോവുന്നുണ്ട്. ഇത്തവണ നാലായിരത്തിലധികം പേർ കണ്ണൂരിൽനിന്ന് ഹജ്ജിന് പോവുന്നു. അവർക്ക് ഏറ്റവും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഉംറ തീർഥാടകർക്ക് കൂടി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് ഈ ഹജ്ജ് ഹൗസ് വിഭാവനം ചെയ്യുന്നത്. ഹജ്ജ്, ഉംറ അല്ലാത്ത മറ്റ് സമയങ്ങളിൽ മൈനോറിറ്റി കോച്ചിംഗ് അടക്കമുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും വിധമാണ് ഹജ്ജ് ഹൗസ് നിർമിക്കുന്നത്. നിലവിൽ മൂന്ന് എമ്പാർക്കേഷൻ പോയിന്റുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. രണ്ടാമത്തെ ഹജ്ജ് ഹൗസ് നിർമ്മിക്കുന്നതോടെ രണ്ട് ഹജ്ജ് ഹൗസുള്ള രാജ്യത്തെ ഏക സംസ്ഥാനവുമാകും കേരളം. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, കെ.കെ ശൈലജ ടീച്ചർ എംഎൽഎ, മട്ടന്നൂർ നഗരസഭ അധ്യക്ഷൻ എൻ ഷാജിത്ത്, ഹജ്ജ് കമ്മിറ്റി മെമ്പർമാരായ പി.പി. മുഹമ്മദ്ദ് റാഫി, പി ടി അക്ബർ, അസ്‌കർ കോറാട് ഷംസുദ്ദീൻ നീലേശ്വരം, അഡ്വ. പി. മൊയ്തീൻകുട്ടി, ഒ വി ജാഫർ, ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ജാഫർ കെ കക്കൂത്ത്, പി.കെ. അസ്സയിൻ, ജില്ലാ ട്രെയിനിംഗ് ഓർഗനൈസർ നിസാർ അതിരകം, സുബൈർ ഹാജി, എന്നിവർക്ക് പുറമെ റവന്യൂ വകുപ്പ്, എയർപോർട്ട് കിൻഫ്ര അധികൃതരും സന്നിഹിതരായിരുന്നു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL