Thursday, September 18News That Matters
Shadow

ഗുരുവായൂരിലെ മാലമോഷണ പരമ്ബര: താനൂർ സ്വദേശി അറസ്റ്റില്‍

റെയില്‍വേ സ്റ്റേഷൻ കേന്ദ്രീകരിച്ച്‌ ആഭരണ മോഷണ പരമ്ബര നടത്തിയയാള്‍ അറസ്റ്റില്‍. താനൂർ സ്വദേശി രാമനാട്ടുകരയില്‍ താമസിക്കുന്ന മൂർക്കാടൻ പ്രദീപിനെയാണ് (45) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് മോഷണ പരമ്ബരയുടെ തുടക്കം.

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊല്ലം ഓച്ചിറ സ്വദേശിനി രത്‌നമ്മയുടെ (63) രണ്ടര പവന്‍ വരുന്ന മാല റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ പൊട്ടിച്ചെടുത്തു. അന്നുതന്നെ സ്‌റ്റേഷന് കിഴക്ക് താമസിക്കുന്ന കൈപ്പട ഉഷയുടെ രണ്ടുപവന്റെ മാലയും പൊട്ടിച്ചു. കുറച്ച്‌ ദിവസത്തിന് ശേഷം തിരുവെങ്കിടത്തുള്ള സച്ചിദാനന്ദന്റെ വീടിന്റെ ഓടിളക്കി അകത്തുകയറിയെങ്കിലും ഒന്നും മോഷ്ടിക്കാനായില്ല. അന്നുതന്നെ കൊല്ലം സ്വദേശിനി സീതാലക്ഷ്മിയുടെ (62) ഒന്നേമുക്കാല്‍ പവന്റെ മാല പൊട്ടിച്ചു. നവംബർ രണ്ടിന് റെയില്‍വേ സ്റ്റേഷൻ പരിസരത്തുള്ള ചീരേടത്ത് സന്തോഷ്‌കുമാറിന്റെ വീട്ടിലെ ബൈക്ക് മോഷ്ടിച്ചു. ഇത് വെളിയങ്കോട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.

നവംബർ 20ന് പഴയ ബി.എസ്.എൻ.എല്‍ ഓഫിസിന് സമീപം പുളിയശേരി ലജീഷിന്റെ ഭാര്യ സിധുവിന്റെ അഞ്ചര പവന്റെ മാല കഴുത്തില്‍നിന്നും ഊരിയെടുത്തോടി. പുലർച്ചെ വീടിന്റെ പിന്‍ഭാഗത്തുനിന്ന് അരി കഴുകുമ്ബോഴാണ് മോഷണം നടത്തിയത്. മറ്റ് രണ്ട് വീടുകളിലും അന്ന് മോഷണശ്രമം നടന്നു. പെരിന്തല്‍മണ്ണയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കമീഷണര്‍ ആര്‍. ഇളങ്കോയുടെ നിർദേശപ്രകാരം ഗുരുവായൂര്‍ എ.സി.പി കെ.എം. ബിജു, സ്‌പെഷല്‍ ബ്രാഞ്ച് എ.സി.പി സുശീല്‍കുമാര്‍, ടെമ്ബിള്‍ എസ്.എച്ച്‌.ഒ ജി. അജയകുമാര്‍, എസ്.ഐ കെ. ഗിരി, എ.എസ്.ഐ ജയചന്ദ്രന്‍, കെ.എസ്. സുവീഷ്‌കുമാര്‍, ഗഗേഷ്, എൻ. രഞ്ജിത്, സി.പി.ഒമാരായ റമീസ്, വൈശാഖ്, സ്പെഷല്‍ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ റാഫി, പഴനിസ്വാമി, പ്രദീപ്, സിംസണ്‍, സജി ചന്ദ്രന്‍ എന്നിവർ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. മോഷണശേഷം രാമനാട്ടുകരയിലെ താമസ സ്ഥലത്തേക്ക് തിരിച്ചു പോവുകയാണ് ഇയാളുടെ രീതി. ആഭരണങ്ങള്‍ കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിലാണ് വില്‍പന നടത്തിയിട്ടുള്ളതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. മോഷണ മുതല്‍ വില്‍പക്കാന്‍ സഹായിച്ച ആളെകുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 15 ലേറെ കേസുകളില്‍ പ്രതിയാണ് പ്രദീപെന്ന് പൊലീസ് പറഞ്ഞു. ഏഴുമാസം മുമ്ബാണ് ഇയാള്‍ ജയിലില്‍ നിന്നിറങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL