പാലക്കാട്: പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനേയും ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ പ്രദീപിനെയും വിജയിയായി പ്രഖ്യാപിച്ചു. വയനാട്ടിൽ വോട്ടെണ്ണൽ പൂർത്തിയായിക്കഴിഞ്ഞിട്ടില്ല.
18,724 വോട്ടുകൾക്കാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത്. രണ്ടാം സ്ഥാനത്ത് ബിജെപിയുടെ സി.കൃഷ്ണകുമാറാണ്. മൂന്നാം സ്ഥാനത്താണ് എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥിയായ പി.സരിൻ. അന്തിമ കണക്ക് വരുമ്പോള്‍ രാഹുലിന്റെ ലീഡ് നിലയില്‍ വ്യത്യാസം വന്നേക്കാം.
പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ബിജെപിയായിരുന്നു പാലക്കാട്ട് മുന്നിട്ട് നിന്നിരുന്നത്. എന്നാൽ മുന്നേറ്റം അധിക മണിക്കൂറുകളിലേക്ക് കൊണ്ടുപോകാൻ ബിജെപിക്ക് കഴിഞ്ഞില്ല. 2016ൽ ഷാഫി പറമ്പിൽ നേടിയ ഭൂരിപക്ഷത്തെ മറികടക്കാനും രാഹുലിനായി.17,483 വോട്ടിന്റെ ലീഡായിരുന്നു 2016ൽ ഷാഫി നേടിയിരുന്നത്.
അതേസമയം ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ പ്രദീപിന്റെ വിജയം 12,122 വോട്ടുകൾക്കാണ്. യുഡിഎഫിന്റെ രമ്യാ ഹരിദാസിന് ഇവിടെ ഒരു ചലനവും സൃഷ്ടിക്കാനായില്ല. ഒരു ഘട്ടത്തിൽപോലും യു.ആർ പ്രദീപിനെ വെല്ലുവിളിക്കാൻ രമ്യ ഹരിദാസിന് കഴിഞ്ഞില്ല.
അതേസമയം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. തുടക്കം മുതൽ യുഡിഎഫിന്റെ പ്രിയങ്ക ഗാന്ധിയാണ് മുന്നിട്ടുനിൽക്കുന്നത്. ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം പ്രിയങ്കയുടെ ലീഡ് മൂന്നു ലക്ഷവും കടന്ന് നാല് ലക്ഷത്തിന് അടുത്ത് എത്തി.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com