തേഞ്ഞിപ്പലം :രാഷ്ട്ര ശില്പി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ദർശനങ്ങളും ചിന്തകളും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാലിക്കറ്റ് യൂനിവേഴ്സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന ജവഹർലാൽ നെഹ്റു സെന്റർ ഫോർ സ്റ്റഡീസ് ആന്റ് ഡവലപ്പ്മെൻ്റിൻ്റെ നാലാമത് നെഹ്റു സെക്യുലർ അവാർഡ് മുല്ലപ്പള്ളി രാമചന്ദ്രന് സമ്മാനിക്കും. നെഹ്റുവിയൻ മൂല്യങ്ങൾ സ്വജീവിതത്തിൽ പകർത്തുകയും അദ്ദേഹത്തിന്റെ മതനിരപേക്ഷ സങ്കൽപങ്ങൾ സ്വാംശീകരിച്ച് പൊതുജീവിതം നയിക്കുകയും ചെയ്യുന്ന മുല്ലപ്പള്ളി ഏഴ് തവണ പാർലമെൻ്റംഗം, കേന്ദ്ര ആഭ്യന്തര സഹ മന്ത്രി, കെ പി സി സി പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ സമർപ്പണമനസ്സോടെ രാഷ്ട്ര സേവനത്തിനും ജനസേവനത്തിനും വിനിയോഗിച്ച മഹദ് വ്യക്തിത്വമാണ്. പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും ലാളിത്യവും സംശുദ്ധിയും കാത്തുസൂക്ഷിച്ച് ഇപ്പോഴും കർമ്മകുശലതയോടെ പ്രവർത്തിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ ഡോ. ആർസു ചെയർമാനും ആർ എസ് പണിക്കർ, സമദ് മങ്കട എന്നിവർ അംഗങ്ങളുമായ അവാർഡ് നിർണയ കമ്മിറ്റി നെഹ്റു സെക്യുലർ അവാർഡ് 2023 ന് ഏകകണ്ഠമായാണ് നിർദ്ദേശിച്ചത്. 2024 ഡിസംബറിൽ മുല്ലപ്പള്ളിക്ക് അവാർഡ് സമ്മാനിക്കുമെന്ന് ഭാരവാഹികളായ എ കെ അബ്ദുറഹ്മാൻ, പി കെ പ്രദീപ് മേനോൻ, പി പി എ ബാവ,സത്യൻ പുളിക്കൽ, മുസ്തഫ വാക്കത്തൊടി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com