തുവ്വൂർ: കോഴിക്കോട് എയർപോർട്ടിൽ നിന്നും കൂടുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കണമെന്ന് വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പറഞ്ഞു. വണ്ടൂർ നിയോജക മണ്ഡലത്തിലെ തൂവ്വൂരിൽ നടന്ന കോർണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. വിമാനയാത്ര നിരക്ക് വർധനവ് പ്രവാസികൾ നേരിടുന്ന വലിയ പ്രശ്നമാണ്. അതു കുറയ്ക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണം. കഴിഞ്ഞ 35 വർഷമായി ഞാൻ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ട്. അതിനാൽ രാഷ്ട്രീയക്കാരെ ഞാൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അധികാരം നിലനിർത്താൻ വേണ്ടി ജനങ്ങളെ വിഭജിക്കാൻ മടിയില്ലാത്ത ആളാണ് നരേന്ദ്ര മോദി. ഇദ്ദേഹത്തിന് വേണ്ടത് അധികാരം മാത്രമാണ്. രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് പൂർണമായും അദ്ദേഹം മറക്കുന്നു. അധികാരത്തിലിരിക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമേ നരേന്ദ്ര മോദിയ്ക്കുള്ളൂ. വിലക്കയറ്റം മൂലം ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. മോദി നയങ്ങൾ രൂപപ്പെടുത്തുന്നത് വലിയ വ്യവസായികൾക്ക് വേണ്ടി മാത്രമാണ്. രാജ്യത്ത് ബിജെപി പരത്തുന്ന വിദ്വേഷവും വെറുപ്പും വയനാട് മണ്ഡലത്തിലെ ജനങ്ങളെ ബാധിച്ചിട്ടില്ല.
തുവ്വൂർ റെയിൽവേ സ്റ്റേഷൻ വികസനം ജനങ്ങളുടെ കാലാകാലമായുള്ള ആവശ്യമാണ്. റോഡുകൾ മെച്ചപ്പെടുത്തിയാൽ ടൂറിസം മേഖലയെ കൂടുതൽ വികസിപ്പിക്കാനും ധാരാളം സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനും കഴിയും. ഇവിടെ തൊഴിലവസരങ്ങൾ കുറവായതിനാൽ ഒരുപാട് ആളുകൾ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി കെ കെസി വേണ്ടുഗോപാൽ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എപി അനിൽകുമാർ എംഎൽഎ, ഹൈബി ഈഡൻ എംപി, ഡിസിസി പ്രസിഡൻ്റ് വിഎസ് ജോയ്, കെ പി എ മജീദ് എംഎൽഎ, പി. ഖാലിദ്, കെ.സി കുഞ്ഞിമുഹമ്മദ്, കളത്തിൽ കുഞ്ഞാപ്പു ഹാജി, മജീദ് പറാട്ടി, ജലീൽ, മുസ്തഫ അബ്ദുല്ലത്തീഫ് പങ്കെടുത്തു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com