Thursday, September 18News That Matters
Shadow

ഒന്നിച്ച് കുളിക്കാനിറങ്ങി, ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിച്ചില്ല, മരണവിവരം മറച്ചുവെച്ചു; അറസ്റ്റ്

കണ്ണൂർ: ഒന്നിച്ച് കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കാതിരുന്നതിന് മൂന്ന് പേർ അറസ്റ്റിൽ. ഇരിട്ടിക്ക് സമീപം വട്ട്യറ പുഴയിൽ ഒഴുക്കിൽപ്പെട്ട ചെടിക്കുളം സ്വദേശി തടത്തിൽ ജോബിൻ (33) മരിച്ച സംഭവത്തിലാണ് ജോബിന്റെ മൂന്ന് സുഹൃത്തുക്കൾ അറസ്റ്റിലായത്. യുവാവിന്റെ മരണത്തിൽ സംശയം തോന്നി ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇരിട്ടി പയഞ്ചേരി പാറാൽ വീട്ടിൽ കെ കെ. സക്കറിയ (37), വിളക്കോട് നബീസ മൻസിലിൽ പി കെ സാജിർ (46), മുരുങ്ങോടി മുള്ളൻപറമ്പത്ത് വീട്ടിൽ എ കെ സജീർ (40) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സെപ്റ്റംബർ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. ജോബിൻ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാൻ പോയത്.രാത്രി വൈകിയും ജോബിൻ വീട്ടിൽ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വട്ട്യറ പുഴക്കരയിൽ ജോബിന്റെ വസ്ത്രം അഴിച്ചുവെച്ച നിലയിൽ കണ്ടത്. ഇരിട്ടി പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രണ്ടാം ദിവസമാണ് ജോബിന്റെ മൃതദേഹം കണ്ടെത്തിയത്‌. സുഹൃത്തുക്കളുമൊന്നിച്ച് പുഴക്കടവിൽ എത്തിയ ജോബിൻ കുളിക്കുന്നതിനിടെ ഇവരുമായി വാക്കേറ്റവും ചെറിയ ഉന്തും തള്ളും ഉണ്ടായി. ഈ തള്ളലിനിടയിലാണ് ജോബിൻ ഒഴുക്കിൽപ്പെട്ടത്‌. എന്നാൽ ഇവർ ജോബിനെ സഹായിക്കാതെ രക്ഷപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മാത്രമല്ല ജോബിനെ കാണാതായ വിവരം പുറത്തുവന്നതിനു ശേഷവും ഒഴുക്കിൽപ്പെട്ടതിനെക്കുറിച്ച് ആരോടും പറഞ്ഞില്ല. പുഴക്കരയിൽ നിൽക്കുന്ന സമയത്ത് ജോബിൻ ബന്ധുക്കളെ വിളിച്ച ഫോൺ ആണ് നിർണായകമായത്. താൻ പുഴക്കരയിലാണെന്ന് ജോബിൻ പറഞ്ഞിരുന്നു. കൂടാതെ ഒപ്പമുള്ളവരുടെ പേരും പറഞ്ഞിരുന്നു. ഇതോടെ ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തുവരുന്നത്. അപകടത്തിൽ പെട്ടയാളെ രക്ഷിക്കാൻ ശ്രമിക്കാതെ കടന്നുകളഞ്ഞതിനും പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനുമാണ് മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL