തിരുവനന്തപുരം: വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി തേച്ച് കഴുത്തിലുണ്ടായിരുന്ന മൂന്നര പവന്റെ മാല കവര്‍ന്ന അയല്‍വാസിയായ യുവാവിനെ ഒരു മണിക്കൂറിനുള്ളില്‍ പിടികൂടി അയിരൂര്‍ പൊലീസ്. സംഭവസമയത്ത് വീടിന്റെ പരിസരത്തുകൂടി യുവാവ് സംശയാസ്പദമായി പോകുന്നതു കണ്ടതായി നാട്ടുകാര്‍ പറഞ്ഞതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. അന്വേഷണത്തില്‍ വീടിന്റെ പിന്‍വാതിലിനരികിലായി മോഷ്ടാവ് ഉപയോഗിച്ച മുളകുപൊടിയുടെ ബാക്കി ഒരു പത്രക്കടലാസില്‍ പൊതിഞ്ഞ നിലയില്‍ പൊലീസിന് കിട്ടി. സംശയം തോന്നിയ യുവാവിന്റെ വീട് പരിശോധിച്ചപ്പോള്‍ മുളകുപൊടി പൊതിയാനായി ഉപയോഗിച്ച പത്രക്കടലാസിന്റെ ബാക്കി ഭാഗം പൊലീസ് കണ്ടെത്തുകയായിരുന്നു. പ്രതിയെ സമീപപ്രദേശത്തുനിന്ന് പൊലീസ് പിടികൂടി. പ്രതിയുടെ ആഡംബര ബൈക്കില്‍ ഒളിപ്പിച്ചിരുന്ന മാലയും പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി തേച്ച് കഴുത്തിലുണ്ടായിരുന്ന മൂന്നര പവന്റെ മാല കവര്‍ന്നത്. തുറന്നു കിടന്ന വീടിന്റെ പിന്‍വാതിലിലൂടെ പ്രതി വീട്ടിനകത്തു കടന്ന് കിടപ്പുമുറിയിലായിരുന്ന വീട്ടമ്മയെ പിന്നില്‍ നിന്ന് കണ്ണുപൊത്തി. കൈ തട്ടിമാറ്റി തിരിഞ്ഞു നോക്കിയ വീട്ടമ്മ തോര്‍ത്തുകൊണ്ട് മറച്ച മുഖം ആണ് കണ്ടത്. അപ്പോഴേക്കും പ്രതി കയ്യില്‍ കരുതിയിരുന്ന മുളകുപൊടി വീട്ടമ്മയുടെ കണ്ണിലേക്ക് വിതറി അവരുടെ കഴുത്തില്‍ ഉണ്ടായിരുന്ന മൂന്നര പവന്‍ വരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com