
വേങ്ങര: വരും ദിവസങ്ങളിൽ കടുത്ത വരൾച്ചയ്ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ബാക്കികയം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ ഉടൻ താഴ്ത്തണമെന്ന് വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഇറിഗേഷൻ അസിസ്റ്റന്റ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. നിലവിൽ കടലുണ്ടിപ്പുഴയുടെ പല ഭാഗങ്ങളിലും ജലനിരപ്പ് ഗണ്യമായി താഴ്ന്നിരിക്കുകയാണ്. പുഴയുടെ അടിത്തട്ടിലെ പാറകളും മണൽത്തിട്ടകളും തെളിഞ്ഞുതുടങ്ങിയത് വരാനിരിക്കുന്ന കടുത്ത വേനലിന്റെയും ജലക്ഷാമത്തിന്റെയും സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിൽ, വേങ്ങര പഞ്ചായത്ത് പരിധിയിലെ കുടിവെള്ള ലഭ്യതയും ജലസംരക്ഷണവും ഉറപ്പാക്കുന്നതിനായി ഷട്ടറുകൾ അടച്ച് പുഴയിൽ വെള്ളം സംഭരിച്ചു നിർത്തേണ്ടത് അനിവാര്യമാണെന്ന് പഞ്ചായത്ത് ചൂണ്ടിക്കാട്ടി. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസറിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം ബാക്കികയം സന്ദർശിച്ചു. വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം എ.കെ., വാർഡ് മെമ്പർമാരായ സക്കീന കരീം തൂമ്പിൽ, എം.പി. അഹമ്മദ്, ഹനീഫ കെ.കെ., ഉമ്മർ കൈപ്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
