Friday, October 23News That Matters
Shadow

നിരന്തര കുറ്റവാളികളായ മൂന്നുപേരെ കാപ്പ ചുമത്തി

പൊന്നാനി: വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളായി നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവന്ന മൂന്നുപേർക്കെതിരെ കാപ്പ (KAAPA) ചുമത്തി നടപടി. വെളിയങ്കോട് പഴയകടവ് സ്വദേശി കറുപ്പംവീട്ടിൽ ഷാഫി (47), പൊന്നാനി അഴീക്കൽ സ്വദേശി അത്തോളിപ്പറമ്പിൽ അൻസാർ (30), പൊന്നാനി മരക്കടവ് സ്വദേശി പുതുപൊന്നാനിക്കാരന്റെ വീട്ടിൽ സക്കീർ (36) എന്നിവരെയാണ് മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിൽനിന്ന് വിലക്കിയത്. പൊന്നാനി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.വി. ജിഷ്ണു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ ശുപാർശ നൽകുകയായിരുന്നു. തുടർന്ന് തൃശൂർ റേഞ്ച് ഡി.ഐ.ജിയാണ് മൂവരെയും ജില്ലയിൽ പ്രവേശിക്കുന്നതിൽനിന്ന് വിലക്കി ഉത്തരവിറക്കിയത്. ലഹരിവസ്തുക്കളുടെ (എം.ഡി.എം.എ, കഞ്ചാവ്) വിൽപനയുമായി ബന്ധപ്പെട്ട് പൊന്നാനി, പെരുമ്പടപ്പ് സ്റ്റേഷനുകളിലായി ഷാഫിക്കെതിരെ നാലോളം കേസുകളുണ്ട്. അൻസാറിനെതിരെ നരഹത്യാശ്രമം, കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ഉൾപ്പെടെ ആറോളം കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സക്കീറും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL