Tuesday, April 7News That Matters
Shadow

LDF പ്രകടന പത്രിക പുറത്തിറക്കി

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വികസനത്തിലും ജനക്ഷേമത്തിലും ഊന്നിയുള്ള എൽ.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടതുമുന്നണിയുടെ പ്രകടന പത്രിക പ്രകാശനം ചെയ്തത്. എല്ലാ ക്ഷേമ പെൻഷനുകളും 3,000 രൂപയായി ഉയർത്തുമെന്ന പ്രഖ്യാപനമാണ് പത്രികയിലെ പ്രധാന ആകർഷണം. കൂടാതെ, 2026-27 അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ബിരുദ വിദ്യാഭ്യാസം പൂർണ്ണമായും സൗജന്യമായി നൽകുമെന്നും പത്രിക ഉറപ്പുനൽകുന്നു. വൈദ്യുതി മേഖലയിൽ പവർ കട്ട് ഇല്ലാത്ത സാഹചര്യം തുടരുമെന്നും പത്രികയിൽ വ്യക്തമാക്കുന്നു.സ്ത്രീ ശാക്തീകരണത്തിന് മുൻതൂക്കം നൽകുന്ന പദ്ധതികളുടെ ഭാഗമായി 50 ശതമാനം സ്ത്രീകൾക്ക് ജോലി ഉറപ്പുവരുത്തും. കുടുംബശ്രീയും തദ്ദേശഭരണ സ്ഥാപനങ്ങളും ഇതിന് നേതൃത്വം നൽകും. അഞ്ച് ലക്ഷം കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കുക, സമ്പൂർണ്ണ മാലിന്യ സംസ്കരണം ഉറപ്പാക്കുക, ടൂറിസം മേഖലയിൽ 15 ലക്ഷം വിദേശ സഞ്ചാരികളെ എത്തിക്കുക തുടങ്ങിയവയാണ് മറ്റു പ്രധാന ലക്ഷ്യങ്ങൾ. ന്യൂനപക്ഷ ക്ഷേമത്തിനായി ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണ്ണമായും നടപ്പിലാക്കുമെന്നും എൽ.ഡി.എഫ് പ്രഖ്യാപിച്ചു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തത്തോടെ ‘ക്രൈം മാപ്പിങ്’ നടത്തും. പട്ടികവർഗ്ഗ മേഖലയിൽ ഊരുകൂട്ടങ്ങളുടെ തീരുമാനത്തിന് വിധേയമായി മാത്രമേ ഉപപദ്ധതികൾ നടപ്പാക്കൂ. ആരോഗ്യ മേഖലയിലെ മികവ് വർദ്ധിപ്പിക്കുക, കെ-ഫോൺ പദ്ധതി വിപുലമാക്കുക, കാലാവസ്ഥാ വ്യതിയാനം നേരിടാൻ കർമ്മപദ്ധതികൾ ആവിഷ്കരിക്കുക എന്നിവയും വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു. രാഷ്ട്രീയമായി യു.ഡി.എഫിനെ രൂക്ഷമായി വിമർശിക്കുന്ന പത്രിക, മതനിരപേക്ഷത സംരക്ഷിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ എന്ന് അവകാശപ്പെടുന്നു. യു.ഡി.എഫ് വർഗീയ ശക്തികളുമായും ബി.ജെ.പിയുമായും രഹസ്യ ധാരണയിലാണെന്നും കേരളത്തിന്റെ സാമൂഹ്യമൈത്രി കാത്തുസൂക്ഷിക്കാൻ എൽ.ഡി.എഫിന്റെ തുടർച്ച അനിവാര്യമാണെന്നും പ്രകടന പത്രികയിൽ പിണറായി വിജയൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL