വേങ്ങര: കച്ചേരിപ്പടി – പുത്തനങ്ങാടി റോഡിലെ സുരക്ഷാവേലിയില്ലാത്ത ട്രാൻസ്ഫോർമറുകൾ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ഭീഷണിയാകുന്നു. കെ.എസ്.ഇ.ബിക്ക് കീഴിലുള്ള ഈ ട്രാൻസ്ഫോർമറുകൾക്ക് ചുറ്റും മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാമെന്ന പരാതി ശക്തമാണ്. സ്കൂൾ കുട്ടികളടക്കം നിരവധി പേർ നിത്യേന കടന്നുപോകുന്ന പാതയോരത്താണ് ഈ അപകടക്കെണിയുള്ളത്. ട്രാൻസ്ഫോർമറുകൾ ജനങ്ങൾക്ക് ഭീഷണിയായി പ്രവർത്തിക്കുന്നതിനെതിരെ മനുഷ്യാവകാശ പ്രവർത്തകൻ അബ്ദുൽ റഹീം പൂക്കത്ത് രംഗത്തെത്തി. വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി അദ്ദേഹം തിരൂരങ്ങാടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകി. പരാതി പരിഗണിച്ച അധികൃതർ, അപകടസാധ്യത ഒഴിവാക്കാൻ അടിയന്തരമായി വേണ്ട സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എൻജിനീയർ (AE) ഉറപ്പുനൽകി. ജനവാസ മേഖലകളിലെ ഇത്തരം വൈദ്യുതി സംവിധാനങ്ങൾക്ക് ചുറ്റും സുരക്ഷാവേലികൾ ഉറപ്പാക്കണമെന്നും അറ്റകുറ്റപ്പണികൾ വേഗത്തിലാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

