നിലമ്പൂർ: ആയിരം രൂപയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് നിലമ്പൂർ പാട്ടുത്സവ നഗരിയിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ വല്ലപ്പുഴ സ്വദേശി കൈപ്പഞ്ചേരി അനൂ ഫർസീനാണ് (21) ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മുതുകാട് തെക്കുംപാടം സ്വദേശി സുജിത്ത് (23), കൂറ്റമ്പാറ ചെറായി സ്വദേശി ശ്രേയസ് ദാസ് (21) എന്നിവരെ നിലമ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തു. അനൂ ഫർസീന്റെ സുഹൃത്തിന് സുജിത്ത് നൽകാനുള്ള പണത്തെച്ചൊല്ലി നേരത്തെ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി, കുടുംബസമേതം പാട്ടുത്സവം കാണാനെത്തിയ അനൂ ഫർസീനെ പ്രതികൾ ആസൂത്രിതമായി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശ്രേയസ് പിടിച്ചുവെക്കുകയും സുജിത്ത് കത്തികൊണ്ട് കുത്തുകയുമായിരുന്നു. പരിക്കേറ്റ അനൂ ഫർസീനെ ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. പിടിയിലായ സുജിത്തും ശ്രേയസും നേരത്തെയും വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി.

