Monday, January 19News That Matters
Shadow

പറപ്പൂരിനെ കണ്ണീരിലാഴ്ത്തി മുങ്ങി മരണം

പറപ്പൂർ: വേങ്ങര പറപ്പൂർ വീണാലുക്കലിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കുളത്തിൽ മുങ്ങിമരിച്ചു. പറപ്പൂർ വീണാലുക്കൽ സ്വദേശി പരേതനായ കുമ്മൂറ്റിക്കൽ മൊയ്തീന്റെ ഭാര്യ ചീരങ്ങൻ സൈനബ (56), മക്കളായ മുഹമ്മദ് ആഷിഖ് (22), ഫാത്തിമ ഫാസില (18) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് നാടിനെ നടുക്കിയ ഈ അപകടം പുറംലോകമറിയുന്നത്.​ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സൈനബയും മക്കളും വീടിനടുത്തുള്ള താഴേക്കാട്ട്പടിയിലെ പഞ്ചായത്ത് കുളത്തിൽ കുളിക്കാനായി പോയത്. ഏറെ നേരമായിട്ടും കാണാതായതിനെത്തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് ദുരന്തവിവരം അറിയുന്നത്. കുളത്തിൽ ഒരാൾ പൊങ്ങിക്കിടക്കുന്നത് കണ്ട ഒരു ഇതര സംസ്ഥാന തൊഴിലാളിയാണ് ആദ്യം വിവരം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ മകൾ ഫാസിലയെ കടവിനോട് ചേർന്ന് പൊങ്ങിക്കിടക്കുന്ന നിലയിലും, ഉമ്മയെയും മകനെയും കടവിൽ നിന്നും അല്പം മാറി മുങ്ങിയ നിലയിലും കണ്ടെത്തുകയായിരുന്നു.​കുടുംബത്തിലെ ഇളയ മകൻ മുഹമ്മദ് ഫാസിൽ കുളക്കടവിലേക്ക് അന്വേഷിച്ചു എത്തിയപ്പോഴാണ് മൂവരും അപകടത്തിൽപ്പെട്ടതായി തിരിച്ചറിഞ്ഞത്. ഉടൻ തന്നെ ഇവരെ കുളത്തിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏകദേശം 20 മീറ്ററോളം നീളവും 10 മീറ്റർ വീതിയുമുള്ള കുളത്തിന് ആൾപ്പൊക്കത്തിലധികം താഴ്ചയുണ്ട്.​സൈനബയുടെ ഭർത്താവ് മൊയ്തീൻ വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടതാണ്. ഭർത്താവിന്റെ മരണശേഷം വീട്ടുജോലി ചെയ്താണ് സൈനബ കുടുംബം പോറ്റിയിരുന്നത്. മകൾ ഫാത്തിമ ഫാസില പറപ്പൂർ ഐ.യു ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. സൈനബയുടെ ഇളയ മകൻ മുഹമ്മദ് ഫാസിൽ (19) മാത്രമാണ് ഇനി ഈ കുടുംബത്തിൽ അവശേഷിക്കുന്നത്. ദീർഘകാലം കണ്ണൂരിലായിരുന്ന ഈ കുടുംബം പിന്നീട് വീണാലുക്കൽ പൗരസമിതി നിർമ്മിച്ചു നൽകിയ സ്നേഹവീട്ടിലാണ് താമസിച്ചിരുന്നത്.​മൃതദേഹങ്ങൾ നിലവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം വീണാലുക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL