കുഴിപ്പുറം: ദേശീയ കരസേനാ ദിനാചരണത്തിന്റെ ഭാഗമായി കുഴിപ്പുറം സിൻസിയർ കലാ കായിക സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ മുൻ സൈനികനെ ആദരിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ കരുത്തായ എ.എസ്.സി (Army Service Corps) വിഭാഗത്തിൽ നിന്നും വിരമിച്ച ശ്രീ. അബ്ദുസലാമിനെയാണ് അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് ക്ലബ്ബ് ആദരിച്ചത്. സൈനികർക്ക് യുദ്ധമുഖത്തും അല്ലാത്തപ്പോഴും അവശ്യസാധനങ്ങളും ഗതാഗത സൗകര്യങ്ങളും എത്തിച്ചു നൽകുന്ന ‘ലൈഫ് ലൈൻ’ എന്നറിയപ്പെടുന്ന വിഭാഗമാണ് എ.എസ്.സി. ഈ വിഭാഗത്തിലെ ദീർഘകാലത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിശ്രമജീവിതം നയിക്കുന്ന അബ്ദുസലാമിന് സിൻസിയർ ക്ലബ് പ്രസിഡന്റ് മുസ്തഫ എ.ടി. പൊന്നാട അണിയിച്ചു. ക്ലബ്ബ് സെക്രട്ടറി സലീം എ.എ. ഉപഹാരം കൈമാറി.സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക മേധാവിയായി ഫീൽഡ് മാർഷൽ കെ.എം. കരിയപ്പ ചുമതലയേറ്റെടുത്തതിന്റെ സ്മരണാർത്ഥമാണ് ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നത്. അതിർത്തി കാക്കുന്ന ജവാന്മാരുടെ ത്യാഗോജ്ജ്വലമായ ജീവിതം ചടങ്ങിൽ അനുസ്മരിച്ചു. ചടങ്ങിൽ ക്ലബ്ബ് അംഗങ്ങളായ സത്താർ കെ.പി., ശരീഫ് പി.പി., ജയേഷ്, ഷഫീഖ് കെ., റഫീഖ് എം., മുസ്തഫ എ.പി., ശരീഫ് ടി.കെ., ഷൈജൂബ് തുടങ്ങിയവർ പങ്കെടുത്തു. രാജ്യസേവനം കഴിഞ്ഞ് മടങ്ങിയെത്തിയ സൈനികരെ ആദരിക്കുന്നത് പുതിയ തലമുറയ്ക്ക് വലിയ പ്രചോദനമാണെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

