Saturday, January 10News That Matters
Shadow

പുതു വർഷാഘോഷം: നിയമ ലംഘകർക്ക് പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ്

കൊണ്ടോട്ടി: പുതു വർഷാഘോഷത്തോടനുബന്ധിച്ച് റോഡപകടങ്ങൾ തടയുന്നതിനായി മോട്ടോർ വാഹന വകുപ്പ് ഇന്നലെ വിവിധയിടങ്ങളിൽ കർശന പരിശോധന നടത്തി. കൊണ്ടോട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരായ പി. കെ. മുഹമ്മദ് ഷഫീഖ്, എ. കെ. മുസ്തഫ, കെ. സി. സൗരഭ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ നടന്നത്.​ആഘോഷത്തിമർപ്പിൽ അമിതാവേശക്കാർ ചീറിപ്പായാൻ സാധ്യതയുള്ള ദേശീയ-സംസ്ഥാന പാതകൾക്ക് പുറമെ കൊണ്ടോട്ടി, എടവണ്ണപാറ, അരീക്കോട്, മൊറയൂർ, എയർപോർട്ട് പരിസരം, വിനോദകേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കിയിരുന്നു. പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയ വാഹനങ്ങളെ പിടികൂടാൻ ആധുനിക ക്യാമറകളും സംഘം ഉപയോഗിച്ചു.​മദ്യപിച്ചുള്ള വാഹനയാത്ര, മൊബൈൽ ഫോൺ ഉപയോഗം, അമിതവേഗത, ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ റൈഡിംഗ്, സിഗ്നൽ ലംഘനം എന്നിവയ്‌ക്കെതിരെ കർശന നടപടിയെടുത്തു. കൂടാതെ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ, അമിത ശബ്ദമുണ്ടാക്കുന്ന സൈലൻസർ ഘടിപ്പിച്ചവ, എയർ ഹോൺ ഉപയോഗിക്കുന്നവർ, മറ്റു ഡ്രൈവർമാരുടെ കാഴ്ചയെ ബാധിക്കുന്ന തരത്തിലുള്ള വർണ്ണ ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങൾ എന്നിവയും പരിശോധനയിൽ കുടുങ്ങി. വിവിധ നിയമലംഘനങ്ങൾക്ക് നിരവധി കേസുകൾ രജിസ്റ്റർ ചെയ്ത ഉദ്യോഗസ്ഥർ, വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അറിയിച്ചു. നിയമനടപടികൾക്ക് പുറമെ ഡ്രൈവർമാർക്ക് ആവശ്യമായ ബോധവത്ക്കരണവും ഉദ്യോഗസ്ഥർ നൽകി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL