കൊണ്ടോട്ടി: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പരിചയം നടിച്ച് ബൈക്കിൽ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ശ്രമിച്ച പുൽപ്പറ്റ ആരേക്കോട് സ്വദേശി താരാൻപിലാക്കൽ അബ്ദുൽ ഗഫൂർ (46) കൊണ്ടോട്ടി പോലീസിന്റെ പിടിയിലായി. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബൈക്കിൽ വെച്ച് പ്രതിയുടെ ഉദ്ദേശ്യം മനസ്സിലാക്കിയ പെൺകുട്ടി ഓടുന്ന വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. ചാട്ടത്തിനിടയിൽ കുട്ടിയുടെ കൈകാലുകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തുടക്കത്തിൽ മാനഹാനി ഭയന്ന് കുട്ടിയും കുടുംബവും വിവരം പുറത്തുപറയാൻ മടിച്ചിരുന്നുവെങ്കിലും നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വീട്ടുകാരെ കണ്ട് നിയമവശങ്ങൾ ബോധ്യപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്. പ്രതി ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ പെട്ടെന്ന് തിരിച്ചറിയാൻ പ്രയാസമായിരുന്നെങ്കിലും പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ സി.സി.ടി.വി ദൃശ്യങ്ങളുടെ പരിശോധനയിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. കൊണ്ടോട്ടി പോലീസ് ഇൻസ്‌പെക്ടർ പി.എം. ഷമീറിന്റെ നേതൃത്വത്തിൽ എസ്.ഐ ജിഷിൽ, സ്ക്വാഡ് അംഗങ്ങളായ അമർനാഥ്, അബ്ദുള്ള ബാബു, അജിത് കുമാർ, ഋഷികേശ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

