അന്തമാൻ നികോബാർ ദ്വീപില്‍നിന്ന് കൊറിയർവഴി എംഡിഎംഎ കടത്തിയ കേസിലെ മൂന്നു പ്രതികള്‍ക്ക് 15 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. പാണക്കാട് പഴങ്കരകുഴിയില്‍ നിഷാന്ത് (25), കോട്ടപ്പടി പുതുശ്ശേരി റിയാസ് (33), പാണക്കാട് പട്ടർക്കടവ് മൂന്നുക്കാരൻ സിറാജുദ്ദീൻ (30) എന്നിവരെയാണ് മഞ്ചേരി എൻഡിപിഎസ് കോടതി ജഡ്ജി ടി. വർഗീസ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വർഷം അധിക കഠിനതടവ് അനുഭവിക്കണം.2023 ഫെബ്രുവരി 21 -ന് വൈകീട്ട് നാലു മണിക്കായിരുന്നു സംഭവം. നാലാംപ്രതിയായ മുഹമ്മദ് സാബിദ്, രാജേന്ദ്രൻ എന്ന വ്യാജ മേല്‍വിലാസത്തില്‍ മഞ്ചേരി തുറക്കല്‍ ബൈപ്പാസിലെ ബ്ലൂഡാർട്ട് കൊറിയർ സർവീസിലേക്ക് അരക്കിലോ എംഡിഎംഎ അയയ്ക്കുകയായിരുന്നു. ഇവിടെ നിന്ന് ഡെലിവറിയെടുത്ത മയക്കുമരുന്ന് കാറില്‍ കയറ്റുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. കാളികാവ് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന ടി. ഷിജുമോന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖും സംഘവും നടത്തിയ പരിശോധനയിലാണ് ജാം, പീനട്ട് ബട്ടർ എന്നിവയടങ്ങിയ ഗ്ലാസ് ജാറുകളില്‍ കടത്തിയ മയക്കുമരുന്ന് പിടികൂടിയത്. ഒന്നാം പ്രതി നിഷാന്തിന്റെ പേരിലായിരുന്നു കൂറിയർ എത്തിയത്. കേസിലെ നാലാം പ്രതിയെ ഇതുവരെ അറസ്റ്റു ചെയ്യാനായിട്ടില്ല. എക്സൈസ് ക്രൈംബ്രാഞ്ച് സർക്കിള്‍ ഇൻസ്പെക്ടർ ആർ.എൻ. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളില്‍പ്പോയി കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. സുരേഷ് 22 സാക്ഷികളെ കോടതി മുൻപാകെ വിസ്തരിച്ചു. 52 രേഖകളും ഹാജരാക്കി. പ്രതികളെ തവനൂർ സെൻട്രല്‍ ജയിലിലേക്കയച്ചു.
