വേങ്ങര സ്റ്റേഷന്‍ പരിധിയില്‍ കൊഴിയൂരില്‍ പ്രവര്‍ത്തിക്കുന്ന വാടകഫ്ലാറ്റില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ വേങ്ങര പോലീസും ഡാന്‍സാഫ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് നാല്‍പതുഗ്രാം തൂക്കം വരുന്ന എംഡിഎംഎ ലഹരിമരുന്നുമായി രണ്ടു പേരെപിടികൂടിയത്. കാടാമ്പുഴ മാറാക്കര സ്വദേശി മൈലംപാടന്‍ നൗഷാദ് (37), പടപ്പറമ്പ് മൂച്ചിക്കല്‍ സ്വദേശി വലിയ കലായില്‍ ജാസിം (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ച് വാടകയ്ക്ക് ഫ്ലാറ്റുകളെടുത്ത് അവിടെ വച്ചാണ് എംഡിഎംഎ പോലുള്ള സിന്തറ്റിക് ലഹരിമരുന്നുകളുടെ പായ്ക്കിംഗും വിതരണവും. ആവശ്യക്കാര്‍ക്ക് അവിടെ വന്ന് ഉപയോഗിക്കാനുള്ള സൗകര്യവും ചെയ്തു കൊടുക്കുന്നുണ്ടെന്നും പ്രതികളെ ചോദ്യം ചെയ്തതില്‍ വ്യക്തമായിട്ടുണ്ട്. ബാംഗ്ലൂരില്‍ നിന്നും കാരിയര്‍മാര്‍ മുഖേന ഫ്ലാറ്റിലെത്തിച്ച ശേഷം അവിടെവച്ച് ചെറിയ പായ്ക്കറ്റുകളിലാക്കി മുന്‍കൂട്ടി പണം കൊടുത്തവര്‍ക്ക് ഫ്ലാറ്റില്‍ വച്ചും ടൗണിലെ പല ഭാഗങ്ങളില്‍ ഡ്രോപ്പ് ചെയ്തുമാണ് കച്ചവടം നടത്തുന്നത്. ബാംഗ്ലൂരില്‍ നിന്നും ലഹരിമരുന്ന് എത്തിച്ച കാരിയറെ കുറിച്ചും സംഘത്തിലെ മറ്റുള്ളവരെ കുറിച്ചുമുള്ള സൂചനകള്‍ ലഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു. നൗഷാദിന്‍റെ പേരില്‍ തിരൂര്‍, കുറ്റിപ്പുറം എക്സൈസ് സ്റ്റേഷനുകളില്‍ രണ്ട് അബ്കാരി കേസുകളുണ്ട്. ജാസിം പടപ്പറമ്പ് വച്ച് ലഹരിമരുന്ന് വില്‍പന നടത്തിയകേസില്‍ കൊളത്തൂര്‍ പോലീസ് പിടികൂടി മാസങ്ങള്‍ക്ക് മുന്‍പ് ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയതാണ്. ഓണാഘോഷം ലക്ഷ്യം വച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വലിയതോതില്‍ സിന്തറ്റിക് ലഹരിമരുന്നുകള്‍ ജില്ലയിലെത്തിച്ച് വില്‍പനയും ഉപയോഗവും നടക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് മലപ്പുറം ജില്ലാ പോലീസ്മേധാവി ആര്‍.വിശ്വനാഥ് ഐപിഎസ് ന്‍റെ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വാടക ക്വാര്‍ട്ടേഴ്സുകളിലും റിസോര്‍ട്ടുകളിലും പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. അതിന്‍റെ ഭാഗമായി മലപ്പുറം ഡിവൈഎസ്പി കെ എം ബിജു, നര്‍ക്കോട്ടിക്സെല്‍ ഡിവൈസ്പി എന്‍ ഒ സിബി എന്നിവരുടെ നേതൃത്വത്തില്‍ വേങ്ങര ഇന്‍സ്പെക്ടര്‍ രാജേന്ദ്രന്‍ നായര്‍, ഡാൻസഫ് എമ്പ് ഐഎന്‍ റിഷാദലി എന്നിവർ അടങ്ങിയ സ്ക്വാഡുമാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
