കോഴിക്കോട്: എംഡിഎംഎയുമായി സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കോഴിക്കോട് പിടിയില്‍. അരീക്കോട് നല്ലളം സ്വദേശികളായ അബ്ദു സമദ് (27), സാജിദ് ജമാൽ (26), ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി അറഫ നദീർ (27) എന്നിവരാണ് പിടിയിലായത്. ഇതിൽ അബ്ദു സമദ്, സാജിദ് ജമാൽ എന്നിവരാണു സഹോദരങ്ങൾ. ഇവരെ കഴിഞ്ഞ വർഷം 18 ഗ്രാം കഞ്ചാവുമായി ബെംഗളൂരു പൊലീസ് പിടികൂടിയിരുന്നു. അറസ്റ്റിലാകുമെന്നുറപ്പായപ്പോള്‍ മൂവർ സംഘം പൊലീസിന് നേരെ നായകളെ അഴിച്ചുവിട്ടെങ്കിലും മൂന്ന് പേരേയും പൊലീസ് പിടികൂടി. ഡാന്‍സാഫ് ടീമും പന്തീരാങ്കാവ് പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്നും 30 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വീട്ടിലെ വാതിലിനു സമീപം കാവൽ നിർത്തിയ നായ്ക്കളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊടൽ നടക്കാവ് കുഞ്ഞാമൂലയിൽ സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റിനു മുന്നിൽ വിൽപനയ്ക്കാണ് എംഡിഎംഎ എത്തിച്ചത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കഴിഞ്ഞ ദിവസം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സെപഷ്യല്‍ സ്‌ക്വാഡ് കോഴിക്കോട് നഗരത്തില്‍ നടത്തിയ പരിശോധനയില്‍ ഇതരസംസ്ഥാന തൊഴിലാളിയില്‍ നിന്നും 6.5 കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു.
