Thursday, September 18News That Matters
Shadow

അതിദരിദ്രർക്കുള്ള സർക്കാരിൻ്റെ കൈത്താങ്ങ്; തമിഴ്നാട്ടുകാരി പിച്ചമ്മാളും ഇനി ഭൂമിയുടെ അവകാശി

തെരുവിൽ പെറുക്കി ഉപജീവനം കണ്ടെത്തുന്ന പിച്ചമ്മാളിനും കുടുംബത്തിനും പട്ടയത്തോടൊപ്പം വീടും ചികിത്സാ സഹായവും താമസിക്കുന്ന വീടിന്റെ വാടകയും ഉറപ്പു വരുത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജന്റെ ഉറപ്പ്. മലപ്പുറം കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന ജില്ലയിലെ അതിദരിദ്ര കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യുന്ന ചടങ്ങിനു ശേഷമാണ് പിച്ചമ്മാളിൻ്റെ കദനകഥ കേട്ട മന്ത്രി ഈ ഉറപ്പു നൽകിയത്. ജില്ലാ കളക്ടറുടെ ചേംബറിൽ പിച്ചമ്മാളിനെയും കുടുംബത്തെയും വിളിച്ചു വരുത്തുകയും ഉദ്യോഗസ്ഥ തലത്തിൽ നടപടികൾ വേഗത്തിലാക്കാനുള്ള നിർദ്ദേശം നൽകുകയും ചെയ്തു. മന്ത്രിയുടെ ആശ്വാസ വാക്കുകളിൽ നിറ കണ്ണുകളോടെയാണ് പിച്ചമ്മാളും കുടുംബവും കളക്ടറേറ്റിൽ നിന്നും മടങ്ങിയത്.

തമിഴ്നാട് കള്ളക്കുറിച്ചി സ്വദേശിയായ പിച്ചമ്മാൾ 40 ലേറെ വർഷമായി മഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും പഴയ സാധനങ്ങൾ പെറുക്കി ജീവിക്കുന്നു. അമ്മ മേരിയുംഎട്ടു വയസും എട്ടു മാസവും പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളുമടങ്ങുന്നതാണ് പിച്ചമ്മാളുടെ കുടുംബം. രണ്ടാമത്തെ കുഞ്ഞിന് 15 ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് ഭർത്താവ് കുടുംബത്തെ ഉപേക്ഷിച്ച് പോയത്. ഭൂമി ലഭിക്കാനായി അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായെന്ന് പിച്ചമ്മാളുടെ അമ്മ മേരി പറയുന്നു. പുറമ്പോക്കിൽ ഷെഡ് കെട്ടിയായിരുന്നു താമസം. അടച്ചുറപ്പില്ലാത്ത വീടായതിനാൽ സുരക്ഷയെ കരുതി മഞ്ചേരി ടൗൺഹാളിനടുത്ത് ഒറ്റമുറി വാടക വീടെടുത്തു. 4000/- രൂപയാണ് മാസ വാടക. കിട്ടുന്ന തുച്ഛമായ പൈസ വാടകയ്ക്ക് തികയില്ല. എട്ടുവയസായ കുഞ്ഞിന് മഞ്ഞപ്പിത്തത്തെ തുടർന്നുള്ള അണുബാധയുള്ളതിനാൽ ആഴ്ചയിൽ ഡോക്ടറെ കാണണം. ഇതിനുള്ള പൈസ കണ്ടെത്താനും പിച്ചമ്മാളിന് കഴിഞ്ഞിരുന്നില്ല. പ്രതിരോധ ശേഷി കുറവായതിനാൽ എപ്പോഴും ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ട സാഹചര്യവുമുണ്ട്. അമ്മ മേരിയും അസുഖ ബാധിതയാണ്. സുമനസ്സുള്ള നാട്ടുകാർ മിക്കപ്പോഴും സഹായിക്കാറുണ്ടെന്ന് പിച്ചമ്മാൾ പറഞ്ഞു.

സർക്കാരിന്റെ ബൃഹത്തായ പദ്ധതിയായ അതിദാരിദ്ര്യ നിർമാർജന യഞ്ജത്തിന്റെ ഭാഗമായാണ് പിച്ചമ്മാളിനും കുടുംബത്തിനും ഭൂമി പതിച്ചു കിട്ടിയത്. റവന്യൂ മന്ത്രിയിൽ നിന്ന് നേരിട്ട് എല്ലാ ബുദ്ധിമുട്ടുകളും മാറ്റുമെന്ന ഉറപ്പ് ലഭിച്ച ആശ്വാസത്തിലാണ് പിച്ചമ്മാളും കുടുംബവും.  ഏറനാട് താലൂക്ക് പുൽപറ്റ വില്ലേജിലെ സർവ്വേ നമ്പർ 366 ലെ 1.80 ഏക്കർ ഭൂമിയിലാണ് ഇവർക്ക് സർക്കാർ സൗജന്യമായി ഭൂമി നൽകിയത്. വീടു നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാനും അതുവരെ അവരുടെ വീട്ടുവാടക അടക്കുന്നതിന് സംവിധാനം കണ്ടെത്താനും മന്ത്രി ജില്ലാ കളക്ടർ നിർദ്ദേശം നൽകി. റേഷൻ കാർഡ് ചുവപ്പ് കാർഡാക്കി നൽകും. മുഖ്യമന്ത്രിയുടെ ഭുതിതാശ്വാസ നിധിയിൽ ചികിത്സാ സഹായം നൽകുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL