Thursday, September 18News That Matters
Shadow

തെന്നലയുടെ മദര്‍ തെരേസ ചില്ലറക്കാരിയല്ല..

‘ഓളൊരു വെല്ല്യ മദര്‍ തെരേസ” എന്ന് പലരും പരിഹസിക്കുമായിരുന്നു. എന്നാല്‍ യാസ്മിന് അത് അഭിമാനമായിരുന്നു. മദര്‍ തെരേസ ചില്ലറക്കാരിയല്ലല്ലോ…! കളിയാക്കലുകള്‍ക്കിടയിലും യാസ്മിന്റെ ഉള്ളില്‍ തന്റെ സഹജീവികളോട് എങ്ങനെ പെരുമാറണമെന്നും താന്‍ എന്താവണമെന്നും ഉറച്ച തീരുമാനമുണ്ടായിരുന്നു. അവരുടെ ഉറച്ച നിലപാടുകള്‍ക്ക് കരുത്തേകാന്‍ കുടുംബശ്രീയും.

2006 ല്‍ അയല്‍ക്കൂട്ട അംഗം ആയിട്ടായിരുന്നു തുടക്കം. തുടര്‍ന്ന് സി.ഡി.എസ് അംഗവും 2010 ല്‍ സി.ഡി.എസ് ചെയര്‍പേഴ്സണുമായി. സി.ഡി.എസ് ചെയര്‍പേഴ്സണ്‍സ് മീറ്റിങിനു പോയപ്പോഴാണ് മറ്റ് പല പഞ്ചായത്തുകളിലും മികച്ച സംരംഭങ്ങളുണ്ടെന്ന് മനസ്സിലാക്കിയത്. സ്വന്തം പഞ്ചായത്ത് ആയ തെന്നലയ്ക്ക് ഇനിയും മുന്നോട്ടുപോകാനുണ്ടെന്നും. അന്നുമുതല്‍ കുടുബശ്രീ വഴി എന്തെല്ലാം തന്റെ പഞ്ചായത്തിന് വേണ്ടി ചെയ്യാന്‍ കഴിയും എന്ന ചിന്തയിലായിരുന്നു യാസ്മിന്‍. ആ ചിന്തകളാണ് തെന്നല അഗ്രോ പ്രൊഡ്യൂസര്‍ എന്ന കമ്പനിയെ യാഥാര്‍ഥ്യമാക്കിയത്. ഏക്കറുകണക്കിന് പാടങ്ങളില്‍ നെല്‍കൃഷി ചെയ്തു. അരിയടക്കം ഒന്‍പത് ഉല്‍പന്നങ്ങളുണ്ടാക്കി തെന്നല റൈസ് എന്ന പേരില്‍ മാര്‍ക്കറ്റിലെത്തിച്ചു. അന്ന് കൂടെയുണ്ടായിരുന്ന 500 പേര്‍ക്ക് യാസ്മിന്‍ ഒരു അത്താണിയായി. യാസ്മിനിലിലൂടെ തെന്നലയുടെ കാര്‍ഷിക വിപ്ലവവും പ്രശസ്തിയിലേക്കുയര്‍ന്നു. ആ വര്‍ഷം തന്നെ കേരളത്തിലെ ഏറ്റവും മികച്ച സി.ഡി.എസ് ആയി തെന്നല പഞ്ചായത്ത് ഉയര്‍ന്നു. 2018ല്‍ പ്രളയത്തില്‍ നെല്ല് സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ വെള്ളം കയറിയത് വലിയ തിരിച്ചടിയായി. അതോടെ സംരംഭത്തിന് പൂട്ടിടേണ്ടി വന്നു. അന്ന് കൂടെയുണ്ടായിരുന്നവരില്‍ ഏറെപ്പേര്‍ കൃഷി ഉപജീവനമാക്കി വിജയിച്ചു എന്നത് മാത്രമാണ് ആശ്വാസം.

ഒരു പ്രളയത്തോടെ പിന്‍മാറുന്ന കൂട്ടത്തില്‍പ്പെട്ടയാളായിരുന്നില്ല അന്നും യാസ്മിന്‍. ആശ്രയ പദ്ധതിയുടെ ഭാഗമായുള്ള സര്‍വ്വേക്കിടയിലായിരുന്നു ജീവിതത്തിലെ അടുത്ത വഴിത്തിരിവ് സംഭവിച്ചത്. സര്‍വേക്കിടയില്‍ ജനല്‍പ്പാളിയിലൂടെ എത്തിനോക്കുന്ന പ്രതീക്ഷയറ്റ ഒരു 22 വയസ്സുകാരന്റെ കണ്ണുകള്‍ യാസ്മിന്റെ ശ്രദ്ധയില്‍പെട്ടത്. യാസ്മിന്‍ അന്നൊരു ഉറച്ച തീരുമാനമെടുത്തു. ഇരുപത്തിയെട്ടാം വയസില്‍ അവര്‍ 60 കുട്ടികളുടെ അമ്മയായി. ബ്ലൂം സ്പെഷ്യല്‍ സ്‌കൂളിലൂടെ. സാമ്പത്തികമായ പ്രയാസങ്ങള്‍ നിരവധിയുണ്ടായി എങ്കിലും യാസ്മിന്‍ മക്കളെ കൈവിടാതെ മുന്നോട്ടുപോയി. ഇതിനിടെ പല പുരസ്‌കാരങ്ങളും യാസ്മിനെ തേടിയെത്തി. അതില്‍ നിന്ന് ലഭിച്ച മുഴുവന്‍ തുകയും ഭബ്ലൂമി’ന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചു. നിലവില്‍ വാടകക്കെട്ടിടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മക്കള്‍ക്കായി ചെറിയൊരു സംരംഭം കൂടി തുടങ്ങി. വിവിധതരം അച്ചാറുകള്‍, പ്രസവശുശ്രൂഷ മരുന്നുകള്‍ എന്നിവ നിര്‍മിച്ച് ഹീല്‍ എന്ന പേരില്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. രുചിയറിഞ്ഞ് ഉത്പന്നങ്ങള്‍ ചോദിച്ചെത്തുന്നവര്‍ ഏറെയുണ്ട്. ഹീലിന്റെ മുഴുവന്‍ വരുമാനവും ബ്ലൂമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ചെലവഴിക്കുന്നത്.

പ്രാഥമിക വിദ്യാഭ്യാസം മാത്രം ഉണ്ടായിരുന്ന യാസ്മിന്‍ ഇപ്പോള്‍ സോഷ്യോളജി ബിരുദധാരിയാണ്. ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അത് കുടുംബശ്രീ കൊണ്ട് മാത്രമാണ്. എന്റെ കരുത്താണ് കുടുംബശ്രീ’ – ജില്ലാപഞ്ചായത്ത് മെമ്പര്‍ കൂടിയായ യാസ്മിന്‍ പറയുന്നു. കല്യാണം കഴിച്ചിട്ടില്ലേ എന്ന് പലരും ചോദിക്കാറുണ്ട്. ഭഭഎനിക്കിപ്പോള്‍ 42 വയസ്സുണ്ട്. 15 വര്‍ഷത്തെ ജീവിതം മക്കള്‍ക്ക് വേണ്ടി മാറ്റിവെച്ചു. ഇനിയും അങ്ങനെ തന്നെ. ഞാന്‍ മരിക്കുന്നതിന് മുന്‍പ് അവരെ സുരക്ഷിതമായി ഒരു സ്ഥലത്ത് ആകണം. അതിനുവേണ്ടിയാണ് ഇനിയെന്റെ പരിശ്രമം. എന്റെ കണ്ണടയും വരെ അവരെ സംരക്ഷിക്കും അത് ഞാന്‍ അവര്‍ക്ക് കൊടുത്ത വാക്കാണ്”- യാസ്മിന്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL