എറണാകുളത്ത് സ്വകാര്യ ലോഡ്ജിൽ എക്സൈസ് നടത്തിയ റെയ്‌ഡിൽ എംഡിഎംഎ മയക്കുമരുന്ന് സ്റ്റാമ്പുകളുമായി യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്തു. ലക്ഷദ്വീപ് സ്വദേശിനി ഫരീദ (27), എറണാകുളം സ്വദേശി ശിവദാസൻ (25) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 3.738 ഗ്രാം എംഡിഎംഎയും 30 എണ്ണം(0.288ഗ്രാം) എൽഎസ്ഡി സ്റ്റാമ്പുകളും കണ്ടെടുത്തു. ഓൺലൈൻ മുഖേന മയക്കുമരുന്നുകൾവാങ്ങി വിൽപ്പന നടത്തുകയായിരുന്നു പ്രതികളുടെ രീതി. എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ് ആന്‍റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി ശ്രീരാജിന്‍റെ നിർദ്ദേശാനുസരണം എക്സൈസ് ഇൻസ്പെക്ടർ കെ പി പ്രമോദും സംഘവും ചേർന്നാണ് റെയ്‌ഡ് നടത്തിയത്. പ്രിവന്‍റീവ് ഓഫീസർ സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ ശ്രീജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സരിതാറാണി എന്നിവരും പരിശോധനയിൽ പങ്കെടുത്തു. അതേസമയം, മൂവാറ്റുപുഴയിൽ എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ പേഴക്കപ്പള്ളി സ്വദേശിയായ ഷാമോൻ (28) ആണ് ഒന്നര ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാറും സംഘവും ചേർന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ അജയകുമാർ, അസീസ്, പ്രിവന്‍റീവ് ഓഫീസർ എം എം ഷബീർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി ബി മാഹിൻ, രഞ്ജിത്ത് രാജൻ, നൗഷാദ്, ബിജു ഐസക്, അനുരാജ്, വനിത സിവിൽ എക്സൈസ് ഓഫീസർ അനിത, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിജു പോൾ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
