തിരൂരില് ഒന്പത് മാസം പ്രായമായ കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ കേസില് അമ്മയുള്പ്പെടെ അഞ്ച് പ്രതികളും റിമാന്ഡിൽ. തമിഴ്നാട് സ്വദേശികളായ കുട്ടിയുടെ മാതാവ് കീര്ത്തന (24), രണ്ടാം ഭര്ത്താവ് ശിവ (24), കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി (40), ഇടനിലക്കാരായി നിന്ന സെന്തില് കുമാര് (49), ഭാര്യ പ്രേമലത (45) എന്നിവരെയാണ് റിമാന്ഡ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള് പിടിയിലായത്.തിരൂര് കോട്ട് സ്കൂളിന് പിറകുവശത്തെ ക്വാര്ട്ടേഴ്സിലാണ് കീര്ത്തനയും, രണ്ടാം ഭര്ത്താവും താമസിക്കുന്നത്. കോഴിക്കോട് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ ദമ്ബതികള്ക്കാണ് പ്രതികള് കുട്ടിയെ വിറ്റത്. കുട്ടിയെ കാണാനില്ലെന്ന് നാട്ടുകാര് ചോദിച്ചപ്പോള് മാതാപിതാക്കള് വ്യക്തമായ മറുപടി നല്കിയിരുന്നില്ല. തുടര്ന്ന് നാട്ടുകാര് നല്കിയ പരാതിയിലാണ് പൊലിസെത്തി അന്വേഷണം ആരംഭിച്ചത്. തുടക്കത്തില് ചോദ്യം ചെയ്യലിനോട് ദമ്ബതികള് കൃത്യമായ മറുപടി നല്കിയിരുന്നില്ല. തുടര്ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശികള്ക്ക് കുട്ടിയെ വിറ്റതായി ഇരുവരും സമ്മതിച്ചത്. സ്വന്തം മകളായി വളര്ത്താനാണ് കുട്ടിയെ വാങ്ങിയതെന്നാണ് കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി നല്കിയ മൊഴി.അതേസമയം കുട്ടിയെ തിരൂര് ജില്ല ആശുപത്രിയില് വൈദ്യ പരിശോധനക്ക് വിധേയമാക്കി. ശേഷം ചൈല്ഡ് വെല്ഫയര് കമ്മിറ്റി മുഖേന മലപ്പുറം ശിശു സംരക്ഷണ സമിതിയുടെ കീഴിലുള്ള ശിശുപരിപാലന കേന്ദ്രത്തിലേക്ക് പുനരധിവസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
