കോണ്ടോട്ടി: കോവിഡ് കാലത്ത് നാടിനെ നടുക്കി കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ ദുരന്തത്തിന് നാല് വര്‍ഷമാകുമ്ബോഴും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം പൂർണാര്‍ഥത്തില്‍ ലഭ്യമാകാതെ മരിച്ചവരുടെ ആശ്രിതരും പരിക്കേറ്റവരും. നിയന്ത്രണം നഷ്ടമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍നിന്ന് താഴേക്ക് പതിച്ചുണ്ടായ ദുരന്തത്തില്‍ 21 പേര്‍ മരിക്കുകയും 169 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വിമാനക്കമ്ബനി നല്‍കിയ നഷ്ടപരിഹാരത്തില്‍ മുങ്ങിപ്പോയെന്ന പരാതി പരിഹാരമില്ലാതെ തുടരുകയാണ്. 2020 ആഗസ്റ്റ് ഏഴിനായിരുന്നു ദുരന്തം. കോവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വന്ദേ ഭാരത് മിഷന്റെ ഭാഗമായി ജീവനക്കാരുള്‍പ്പെടെ 190 പേരുമായി ദുബൈയില്‍നിന്നെത്തിയ വിമാനം ലാന്‍ഡിങ്ങിനിടെ 100 മീറ്ററോളം താഴേക്ക് പതിക്കുകയായിരുന്നു. രണ്ടു പൈലറ്റുമാരും 19 യാത്രക്കാരുമാണ് മരിച്ചത്. കോവിഡ് ഭീഷണി വകവെക്കാതെ സ്ഥലത്തെത്തിയ നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളാണ് മരണസംഖ്യ കുറച്ചത്.
മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപയും മാരക പരിക്കുള്ളവര്‍ക്ക് രണ്ട് ലക്ഷം രൂപയും മറ്റ് പരിക്കുകളുള്ളവര്‍ക്ക് 50,000 രൂപയുമാണ് അപകടമുണ്ടായ ഉടന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഈ വിഭാഗത്തിലുള്ളവര്‍ക്ക് വിമാനക്കമ്ബനിതന്നെ ആദ്യ ഘട്ടത്തില്‍ സഹായധനം നല്‍കിയിരുന്നു. ആദ്യഘട്ടമായി നല്‍കിയ തുക കുറച്ചാണ് പിന്നീട് വിമാനക്കമ്ബനി ഓരോരുത്തര്‍ക്കുമുള്ള നഷ്ടപരിഹാരത്തുക കണക്കാക്കിയത്. ഇതോടെ കേന്ദ്രം പ്രഖ്യാപിച്ച സഹായധനം ലഭിച്ചില്ല. നട്ടെല്ലിന് പരിക്കേറ്റ് അരക്കു താഴെ തളര്‍ന്ന സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളായി ചികിത്സയില്‍ തുടരുകയാണ്. വിമാനക്കമ്ബനി നല്‍കിയ നഷ്ടപരിഹാരത്തുക ഉപയോഗിച്ചും സ്വന്തം ചെലവിലുമാണ് പലരും ചികിത്സ തുടരുന്നത്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com