Wednesday, September 17News That Matters
Shadow

ജസ്റ്റിസ് ബിആര്‍ ഗവായ് അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് ബിആര്‍ ഗവായ് അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും. മെയ് 14-നായിരിക്കും അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുക്കുക. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മെയ് 13-നാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നും വിരമിക്കുന്നത്. ജസ്റ്റിസ് ഖന്ന തന്നെ ജസ്റ്റിസ് ഗവായിയെ പിൻഗാമിയായി ശുപാർശ ചെയ്തുവെന്നാണ് മണികണ്‍ട്രോള്‍ ഉള്‍പ്പെടേയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

ആരാണ് ബിആർ ഗവായ്

ദളിത് വിഭാഗത്തില്‍ നിന്നും ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ഭൂഷണ്‍ രാമകൃഷ്ണ ഗവായി എന്ന ബിആർ ഗവായി. മലയാളിയായ ജസ്റ്റിസ് കെജി ബാലകൃഷ്ണനാണ് ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. മുൻ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിയുടെ ലോകസഭാഗത്വം നഷ്ടപ്പെടുന്നതിന് വരെ കാരണമായ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്തതുള്‍പ്പെടെ നിരവധി ശ്രദ്ധേയമായ ഉത്തരവുകള്‍ പുറപ്പെടുവിച്ച വ്യക്തി കൂടിയാണ് അദ്ദേഹം.

പിതാവ്, രാഷ്ട്രീയ ബന്ധം

1960 നവംബർ 24 ന് ജനിച്ച ജസ്റ്റിസ് ബിആർ ഗവായ് കോണ്‍ഗ്രസ് പാർട്ടിയുമായി രാഷ്ട്രീയ ബന്ധമുള്ള ഒരു കുടുംബത്തില്‍ പെട്ടയാളാണ്. അദ്ദേഹത്തിന്റെ പിതാവ് ജസ്റ്റിസ് രാമകൃഷ്ണ സൂര്യഭാൻ ഗവായ് (ആർഎസ് ഗവായ്) മഹാരാഷ്ട്രയിലെ പ്രമുഖ ദളിത് നേതാവ് അംബേദ്കറൈറ്റ് സംഘടനയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ (ആർ‌ പി ‌ഐ) സ്ഥാപകനുമായിരുന്നു. 1964 മുതല്‍ 1998 വരെ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ സജീവമായിരുന്നു അദ്ദേഹം.1998 ല്‍ അമരാവതി നിയോജകമണ്ഡലത്തില്‍ നിന്ന് ആർ‌ പി‌ ഐയുടെ സ്ഥാനാർത്ഥിയായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു‌ പി‌ എ അധികാരത്തിലിരുന്ന 2006 നും 2011 നും ഇടയില്‍ ബീഹാർ, സിക്കിം, കേരളം എന്നിവയുടെ ഗവർണറായും ആർ എസ് ഗവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1985-ല്‍ അഭിഭാഷകനായി എൻറോള്‍ ചെയ്ത ജസ്റ്റിസ് ഗവായ്, 2003 നവംബർ 14-ന് ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നതിന് മുമ്ബ് മഹാരാഷ്ട്ര സർക്കാരിനുവേണ്ടി ഗവണ്‍മെന്റ് പ്ലീഡറായും പിന്നീട് ഗവണ്‍മെന്റ് പ്രോസിക്യൂട്ടറായും സേവനമനുഷ്ഠിച്ചു. സുപ്രീം കോടതിയിലേക്ക് എത്തുന്നതിന് മുമ്ബ് 16 വർഷം ബോംബെ ഹൈക്കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചു. 2019-ല്‍ തന്നെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നേതൃത്വം നല്‍കുന്ന എസ്‌സി കൊളീജിയം അദ്ദേഹത്തിന്റെ പേര് ശുപാർശ ചെയ്തിരുന്നു.

കാലാവധി, സുപ്രധാന വിധികള്‍

2025 മെയ് 14 മുതല്‍ നവംബർ 24 വരെയായിരിക്കും അദ്ദേഹത്തിന്റെ കാലാവതി. 2019 മെയ് 24 ന് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് ഗവായ് നിരവധി സുപ്രധാന വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആർട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ ചോദ്യം ചെയ്യുന്ന ഹർജികള്‍ നിലവില്‍ കേള്‍ക്കുന്ന ഭരണഘടനാ ബെഞ്ചിലും അദ്ദേഹം അംഗമാണ്.2023 ജനുവരി 2-ന്, കേന്ദ്രത്തിന്റെ 2016-ലെ നോട്ട് അസാധുവാക്കല്‍ പദ്ധതിയെ ശരിവച്ചെ ബെഞ്ചിലെ അംഗം കൂടിയാണ് അദ്ദേഹം. ജസ്റ്റിസ് ഗവായ്, ജസ്റ്റിസ് എസ് അബ്ദുള്‍ നസീർ, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ എന്നിവർക്കും വേണ്ടി 258 പേജുള്ള ഭൂരിപക്ഷ അഭിപ്രായം എഴുതിയതും അദ്ദേഹമായിരുന്നു. നടപടിക്ക് മുമ്ബ് കുറഞ്ഞത് ആറ് മാസമെങ്കിലും ആർ‌ബി‌ഐയും കേന്ദ്ര സർക്കാരും പരസ്പരം കൂടിയാലോചന നടത്തിയിരുന്നുവെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു. ഏതൊരു മൂല്യമുള്ള കറൻസിയും അസാധുവായി പ്രഖ്യാപിക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും അന്ന് കോടതി വ്യക്തമാക്കി.2022 നവംബർ 11-ന് രാജീവ് ഗാന്ധി വധക്കേസില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി ജീവപര്യന്തം തടവ് അനുഭവിക്കുന്ന ആറ് കുറ്റവാളികളെ ഉടൻ മോചിപ്പിക്കാൻ ഉത്തരവിട്ടതും ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ്. വണ്ണിയാർ വിഭാഗത്തിന് വിദ്യാഭ്യാസത്തിലും ജോലിയിലും തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ സംവരണം “ഭരണഘടനാ വിരുദ്ധം” എന്ന് വിധിച്ച 2022 മാർച്ച്‌ 31 ലെ സുപ്രീം കോടതി ബെഞ്ചിലും അദ്ദേഹം അംഗമായിരുന്നു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL