Tuesday, April 7News That Matters
Shadow

കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് വടിവേലു വേങ്ങര പോലീസിന്റെ പിടിയിൽ

വേങ്ങര: വേങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലെ ചെങ്ങാനിയിലുള്ള മെറ്റൽ വ്യാപാര സ്ഥാപനം കുത്തിപ്പൊളിച്ച് കവർച്ച നടത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവും കുറവാ സംഘാംഗവുമായ തമിഴ്‌നാട് തൃച്ചിനാപ്പള്ളി അണ്ണാ നഗർ സ്വദേശി അരുൺകുമാർ എന്ന വടിവേലു അരുണിനെയാണ് (30) മലപ്പുറം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.സി. സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും വേങ്ങര പോലീസും ചേർന്ന് മഞ്ചേരി കാരാപറമ്പിൽ വെച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 18-ന് പുലർച്ചെയാണ് ചെങ്ങാനിയിലെ സ്ഥാപനത്തിന്റെ വാതിൽ കുത്തിപ്പൊളിച്ച് അകത്തുകയറിയ പ്രതി പണം, വെൽഡിങ് കേബിൾ ബണ്ടിലുകൾ, ഇലക്ട്രിക് ഉപകരണങ്ങൾ, മൊബൈൽ ഫോൺ എന്നിവ കവർന്നത്. തൃശ്ശൂർ, ഒല്ലൂർ, പഴയന്നൂർ, ഗുരുവായൂർ, ഇരിങ്ങാലക്കുട, തിരൂർ, താനൂർ, പരപ്പനങ്ങാടി തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇരുപതോളം മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങിയാണ് വീണ്ടും കവർച്ചാ പരമ്പര തുടർന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തതോടെ ഫെബ്രുവരി 18-ന് പുലർച്ചെ തന്നെ തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ ജനത ബസാർ സൂപ്പർ മാർക്കറ്റ് കുത്തിപ്പൊളിച്ച് പണം കവർന്ന കേസിനും ഫെബ്രുവരി 15-ന് പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ വള്ളിക്കുന്ന് അത്താണിക്കലിൽ നിന്ന് ആഡംബര ഇരുചക്ര വാഹനം മോഷണം നടത്തിയ കേസിനും തുമ്പായിട്ടുണ്ട്. വേങ്ങര പോലീസ് ഇൻസ്പെക്ടർ കെ. പ്രജീഷ്, എസ്.ഐ. രഞ്ജിത്, പോലീസ് ഉദ്യോഗസ്ഥരായ സിജിത്ത്, സുനൂപ് വിനീഷ്, ലിബിൻ എന്നിവരും പ്രത്യേക അന്വേഷണ സംഘം അംഗങ്ങളായ ഐ.കെ. ദിനേഷ്, പി. മുഹമ്മദ് സലീം, കെ.കെ. ജസീർ, വി.പി. ബിജു, ആർ. രഞ്ജിത് എന്നിവരുമടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL