Saturday, March 7News That Matters
Shadow

ജനവാസ മേഖലയിലെ മദ്യവിൽപ്പനശാല: കൂട്ടുമൂച്ചിയിൽ ആക്ഷൻ കൗൺസിൽ പ്രത്യക്ഷ സമരത്തിലേക്ക്

വള്ളിക്കുന്ന്: കൂട്ടുമൂച്ചി – അത്താണിക്കൽ റോഡിലെ ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന ബീവറേജ് കോർപ്പറേഷന്റെ മദ്യവിൽപ്പനശാലയ്‌ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. ജനനിബിഡമായ ഈ പ്രദേശത്ത് ഔട്ട്‌ലെറ്റ് പ്രവർത്തിക്കുന്നത് പൊതുജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പൗരസമിതിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കൗൺസിൽ പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങാൻ തീരുമാനിച്ചു.​പ്രദേശത്തെ പൗരന്മാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ നിരവധി നാട്ടുകാർ പങ്കെടുത്തു. മദ്യപാനികളുടെ ശല്യവും വിളയാട്ടവും കാരണം പ്രദേശത്ത് സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷാഭീഷണി നിലനിൽക്കുകയാണെന്നും സാമൂഹിക പ്രശ്നങ്ങൾ വർധിച്ചതായും യോഗം വിലയിരുത്തി. ബീവറേജ് കോർപ്പറേഷന്റെ മനുഷ്യത്വരഹിതമായ ഈ നടപടിക്കെതിരെ ആക്ഷൻ കൗൺസിൽ വിപുലീകരിക്കാനും ശക്തമായ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാനും തീരുമാനിച്ചു.​വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് റിഷാദ് അരിയല്ലൂർ യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും ആക്ഷൻ കൗൺസിൽ ചെയർമാനുമായ ജുസൈല കോലക്കൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കനകൻ, മനുഷ്യാവകാശ സംഘടനയുടെ സംസ്ഥാന സെക്രട്ടറി അബ്ദുറഹീം പൂക്കത്ത് തിരൂരങ്ങാടി എന്നിവർ മുഖ്യപ്രഭാഷണം നടത്തി.​രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രതിനിധികളായ അജയൻ കെ.ടി, ഷാജി തോട്ടത്തിൽ, സജിൽ കുമാർ, അനിൽ കുമാർ, ശ്രീലാൽ, ഷാബു കെ, ഷിബി കെ.വി, ശിവദാസൻ കെ.വി, ഗോപിനാഥൻ പി, സുരേഷ് സി.പി തുടങ്ങിയവർ സംസാരിച്ചു. കോർഡിനേറ്റർ അബ്ദുൽ അസീസ് പി.എൻ കടലുണ്ടി പരിപാടികൾക്ക് നേതൃത്വം നൽകി. ജനവാസ മേഖലയിൽ നിന്നും ഔട്ട്‌ലെറ്റ് മാറ്റും വരെ സമരം തുടരാനാണ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL