ന്യൂദല്‍ഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലെ തൊഴിലവസരങ്ങള്‍ 16 ശതമാനത്തോളം കുറഞ്ഞതായി റിപ്പോര്‍ട്ട്. 20 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി നടന്ന വിശകലനത്തില്‍ 14 സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴിലവസരങ്ങള്‍ കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ആറ് സംസ്ഥാനങ്ങളില്‍ തൊഴിലവസരം കൂടുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. തൊഴിലവസരങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 16.6 ശതമാനമാണ് കുറഞ്ഞതെന്നും തമിഴ്‌നാട്ടിലും ഒഡീഷയിലുമാണ് ഏറ്റവും കൂടുതല്‍ കുറവുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സിവില്‍ സൊസൈറ്റി സംഘടനകളായ ലിബ്‌ടെക് ഇന്ത്യയും എന്‍.ആര്‍.ഇ.ജി.എ യും പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരമാണ് കണക്ക്.രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, അസം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെല്ലാം തൊഴില്‍ ദിനങ്ങളുടെ എണ്ണത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. എന്നാല്‍ മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഉയര്‍ന്ന തോതില്‍ തൊഴില്‍ ദിനങ്ങള്‍ വര്‍ധിച്ചിട്ടുമുണ്ട്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ സജീവമായ തൊഴിലാളികളുടെ എണ്ണത്തില്‍ എട്ട് ശതമാനത്തോളം കുറവുണ്ടാവുകയായിരുന്നു. ലിസ്റ്റുകളില്‍ പേരുകള്‍ കൃത്യമായി നല്‍കാത്തത്, ആധാര്‍ അടിസ്ഥാനമാക്കിയുള്ള പെയ്‌മെന്റ് സിസ്റ്റം, നടപ്പിലാക്കുന്നതിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങള്‍ സജീവമായ തൊഴിലാളികളുട എണ്ണം കുറയാന്‍ കാരണമായിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com