Wednesday, September 17News That Matters
Shadow

കൂരിയാട് ആവശ്യമെങ്കില്‍ പാലം നിര്‍മ്മിക്കാനും തയ്യാര്‍, പ്രശ്നമായത് മണ്ണിന്‍റെ ഘടന: കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്

മലപ്പുറം കൂരിയാട് എലിവേറ്റഡ് പാത തകരാന്‍ ഇടയായത് മണ്ണിന്റെ കുഴപ്പം മൂലമെന്ന് കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്. റോഡ് തകര്‍ന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജലന്ധര്‍ റെഡ്ഡി, ആവശ്യമെങ്കില്‍ അവിടെ പാലം നിര്‍മ്മിക്കാന്‍ പോലും കമ്പനി തയ്യാറാണെന്ന് വ്യക്തമാക്കി. അധികൃതരുടെ നിര്‍ദേശങ്ങള്‍ കമ്പനി കര്‍ശനമായി പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ ഭൂഗര്‍ഭ സാഹചര്യങ്ങളും ഉയര്‍ന്ന ജലവിതാനവും തകര്‍ച്ചയ്ക്ക് ഘടകമായിട്ടുണ്ട്. വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള അണ്ടര്‍പാസ് അപ്രോച്ച് റാമ്പുകളിലൊന്ന് ഇടിഞ്ഞുവീണു. ഇതോടെ സര്‍വീസ് റോഡും താറുമാറായി. പ്രധാനപാതയുടെ ഇരുവശത്തുമുള്ള സര്‍വീസ് റോഡ് എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. ജലന്ധര്‍ റെഡ്ഡി പറഞ്ഞു. റോഡ് നിര്‍മ്മിച്ച നെല്‍വയല്‍ വികസിച്ചതും, ദേശീയപാതയ്ക്ക് വിള്ളല്‍ വീഴാനും, ഇടിഞ്ഞ് വീഴാനും കാരണമായിയെന്ന് ദേശീയപാജ പ്രോജക്ട് ഡയറക്ടര്‍ അന്‍ഷുല്‍ ശര്‍മ്മ പറഞ്ഞു. അശാസ്ത്രീയമായ റോഡ് നിര്‍മ്മാണമാണ് ദേശീയപാതയുടെ തകര്‍ച്ചയ്ക്ക് കാരണമെന്ന ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. കൂരിയാട് ദേശീയപാത തകര്‍ന്നതിന് പിന്നാലെ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയെ കേന്ദ്രസര്‍ക്കാര്‍ ഡീബാര്‍ ചെയ്തിരിക്കുകയാണ്. കണ്‍സള്‍ട്ടന്റായ ഹൈവേ എഞ്ചിനീയറിങ് കമ്പനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ഇത് രണ്ടാം തവണയാണ് കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കരിമ്പട്ടികയില്‍പ്പെടുത്തുന്നത്. ഡീ ബാര്‍ ചെയ്തതിനെ തുടര്‍ന്ന് തുടര്‍ കരാറുകളില്‍ ഇനി കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിക്ക് പങ്കെടുക്കാന്‍ ആകില്ല. ദേശീയപാതയിലെ അപാകതകളെ കുറിച്ച് പരിശോധിക്കാന്‍ ഐഐടി വിദഗ്ധര്‍ അടങ്ങുന്ന സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL