തിരൂർ: തൃപ്പങ്ങോട് വീടിന് സമീപത്തെ കുളത്തിൽ വീണ് രണ്ട് വയസ്സുകാരി മരിച്ചു. തൃപ്പങ്ങോട് ചേമ്പുംപടിയിൽ മൂന്നാംകുറ്റി വീട്ടിൽ നിയാസിന്റെ മകൾ ഹെൻസയാണ് ദാരുണമായി മരണപ്പെട്ടത്. വീടിന് സമീപത്തെ വയലിലുള്ള കുളത്തിൽ കുട്ടി വീണുകിടക്കുന്നത് കണ്ടതിനെത്തുടർന്ന് ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കുളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. പിഞ്ചുകുഞ്ഞിന്റെ അപ്രതീക്ഷിത വിയോഗം തൃപ്പങ്ങോട് ഗ്രാമത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി. മയ്യിത്ത് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

