ജോർദാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇക്കോപീസ് മിഡ്ലീസ്റ്റിന്റെ പരിസ്ഥിതി സംരക്ഷണ പരിപാടിയിലേക്ക് പ്രമുഖ കാർഷിക വിദഗ്ദനും ഗ്രന്ഥകാരനുമായ ഡോ. അബു കുമ്മാളിയെ ക്ഷണിച്ചു. 2026 ജനുവരി 10 മുതൽ വിവിധ രാജ്യങ്ങളിലായി 20 ദിവസം നീണ്ടുനിൽക്കുന്നതാണ് ഈ പരിപാടി. മുൻപും വിവിധ രാജ്യങ്ങളിൽ ഇക്കോപീസ് സംഘടിപ്പിച്ച പരിസ്ഥിതി ബോധവൽക്കരണ പരിപാടികളിൽ ഇദ്ദേഹം സജീവമായി പങ്കെടുത്തിട്ടുണ്ട്.’പരിസ്ഥിതിയുടെ മാനിഫെസ്റ്റോ’, ‘സഞ്ചാരപഥം’ എന്നീ ശ്രദ്ധേയമായ പുസ്തകങ്ങളുടെ രചയിതാവായ ഡോ. അബു കുമ്മാളി, ഇപ്പോൾ ചേലേമ്പ്രയുടെ ചരിത്രവും വർത്തമാനവും പ്രമേയമാക്കി ‘വഴിയും മിഴിയും’ എന്ന തന്റെ മൂന്നാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിലാണ്. സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ അദ്ദേഹം നാഷണൽ കിസാൻ ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയാണ്.

