മലപ്പുറം: കല്യാണങ്ങള്‍ പല തരത്തില്‍ നടക്കാറുണ്ടെങ്കിലും ഷാക്കിറിന്റെയും ഹര്‍ഷിദയുടേയും വിവാഹയാത്ര മലപ്പുറത്ത് നവ്യാനുഭവമായി. വര്‍ണമനോഹരമായി പൂക്കള്‍ കൊണ്ട് അലങ്കരിച്ച സ്വകാര്യ ബസിന്റെ ഡ്രൈവിങ് സീറ്റിൽ മണവാളനും തൊട്ടടുത്ത് മണവാട്ടിയും ഇരുന്നായിരുന്നു വിവാഹയാത്ര. ക്രിസ്തുമസ് ദിനത്തിലാണ് ഈ വേറിട്ട വിവാഹം നടന്നത്. കോട്ടക്കല്‍ മരവട്ടം വഴി കാടാമ്പുഴ സര്‍വ്വീസ് നടത്തുന്ന ഫന്റാസ്റ്റിക് ബസിലെ കണ്ടക്ടര്‍ കം ഡ്രൈവറാണ് പത്തായക്കല്ല് സ്വദേശിയായ ഷാക്കിര്‍. മലപ്പുറം ഗവ. കോളജിലെ ഡിഗ്രി വിദ്യാര്‍ഥിനിയും കോട്ടപ്പുറം ചേങ്ങോട്ടൂര്‍ സ്വദേശിനിയുമാണ് വധു ഫര്‍ഷിദ. ബസ് ജീവനക്കാരനായതിനാല്‍ ബസ് തന്നെ വിവാഹ വാഹനമാക്കണമെന്ന ഷാക്കിറിന്റെ ആഗ്രഹത്തിന് ഹര്‍ഷിദയും പിന്തുണ നൽകി. ബസ് ഉടമ ഏറിയസ്സന്‍ അബ്ബാസ്, മാനേജര്‍ ടി.ടി മൊയ്തീന് കുട്ടി എന്നിവരുടെ സമ്മതവും പിന്നാലെ മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതിയും ലഭിച്ചതോടെയാണ് ബസ് കല്ല്യാണത്തിനായി ഒരുങ്ങിയത്. പത്തായക്കല്ലില്‍ നിന്നും ചേങ്ങോട്ടൂരിലേക്ക് ബന്ധുക്കളുമായിട്ടായിരുന്നു യാത്ര. തിരിച്ചുള്ള യാത്രയില്‍ സഖിയായ ഹര്ഷിദയുമുണ്ടായിരുന്നു. പത്തായക്കല്ല് പുത്തന്‍പീടിയന്‍ അഹമ്മദിന്റെയും നഫീസയുടേയും മകനാണ് ഷാക്കിര്‍. ചേങ്ങോട്ടൂരിലെ കുന്നത്ത് ഹമീദിന്റെയും റഷീദയുടേയും മകളാണ് ഹര്‍ഷിദ. വഴിയരികിൽ കണ്ട യാത്രക്കാർക്കും നാട്ടുകാർക്കും അത്ഭുതവും കൗതുകവും സമ്മാനിച്ച ഈ വിവാഹയാത്രയ്ക്ക് ഇപ്പോൾ ആശംസകളുടെ പ്രവാഹമാണ്.

