തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ 99.99% എന്യൂമറേഷൻ ഫോമുകളുടെ ഡിജിറ്റലൈസേഷൻ പൂർത്തിയായതായി ജില്ലാ കളക്ടർ വി.ആർ. വിനോദ് അറിയിച്ചു. ജില്ലയിലെ 13 മണ്ഡലങ്ങളിൽ നടപടികൾ പൂർണ്ണമായും അവസാനിച്ചു. ഉദ്യോഗസ്ഥരുടെ ചിട്ടയായ പ്രവർത്തനത്തിലൂടെ ഡിജിറ്റലൈസേഷനിൽ സംസ്ഥാനത്ത് തന്നെ അഞ്ചാം സ്ഥാനം കരസ്ഥമാക്കാൻ ജില്ലയ്ക്ക് സാധിച്ചു. വോട്ടർ പട്ടികയുടെ കരട് ഡിസംബർ 23-ന് പ്രസിദ്ധീകരിക്കും. ആക്ഷേപമുള്ളവർക്ക് 2026 ജനുവരി 22 വരെ പരാതി നൽകാം. പരിശോധനകൾക്ക് ശേഷം ഫെബ്രുവരി 21-നാണ് അന്തിമ പട്ടിക പുറത്തിറക്കുക. മരണം, സ്ഥലമാറ്റം, ഇരട്ടിപ്പ് തുടങ്ങി വിവിധ കാരണങ്ങളാൽ 1,79,605 പേരെ (5.26%) പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 34,13,174 വോട്ടർമാരാണ് ജില്ലയിലുള്ളത്. വോട്ടർമാരുടെ എണ്ണത്തിന് ആനുപാതികമായി ജില്ലയിൽ 784 പുതിയ ബൂത്തുകൾ കൂടി അനുവദിച്ചതോടെ ആകെ പോളിംഗ് ബൂത്തുകളുടെ എണ്ണം 3682 ആയി ഉയർന്നു.
