
വണ്ടൂർ: വിൽപനക്കായി കൈവശം വെച്ച 6.25 ഗ്രാം മെത്താഫിറ്റാമിനുമായി യുവാവ് പിടിയിൽ. കൂരാട് തെക്കും പുറം സ്വദേശി അബ്ദുൾ ലത്തീഫിനെ (27) യാണ് വണ്ടൂർ പോലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. വണ്ടൂർ ടൗണും പരിസരങ്ങളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന വണ്ടൂർ സി.ഐ സംഗീത് പുനത്തിലിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്.ഐ ആന്റണി ക്ലീറ്റസിന്റെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം നാല് മണിയോടെ നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. 40 ഗ്രാം എം.ഡി.എം.എയുമായി നേരത്തെ പിടിയിലായിരുന്ന ലത്തീഫ്, ജാമ്യത്തിലിറങ്ങി വീണ്ടും മയക്കുമരുന്ന് കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഗ്രാമിന് 3500 രൂപ നിരക്കിലാണ് ഇയാൾ മെത്താഫിറ്റാമിൻ വിൽപ്പന നടത്തിയിരുന്നത്. കാറിൽ നിന്നും പോലീസ് എം.ഡി.എം.എ പിടികൂടിയെന്നും കാർ വിട്ടു കിട്ടാൻ പണം വേണമെന്നും പറഞ്ഞ് കാറുടമയിൽ നിന്ന് 22,000 രൂപ തട്ടിയെടുത്ത കേസ്സിൽ അടുത്തിടെയാണ് പ്രതി ജാമ്യത്തിലിറങ്ങിയത്. അന്വേഷണ സംഘത്തിൽ എസ്.ഐ പ്രദീപ് വി.കെ, സീനിയർ സി.പി.ഒ സനീഷ് കുമാർ, സ്ക്വാഡ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, സജീഷ് കെ, കൃഷ്ണദാസ്, സാബിർ അലി, സജേഷ് സി.കെ എന്നിവരും ഉണ്ടായിരുന്നു.
VIDEO
