Wednesday, September 17News That Matters
Shadow

ഗ്രാമീണ്‍ ബാങ്ക് ഓഹരികള്‍ വില്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം: ബി എം.എസ്

മലപ്പുറം: പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ കോടിക്കണക്കിന് സാധാരണക്കാരായ ജനങ്ങളുടെ ആശ്രമായ ഗ്രാമീണ്‍ ബാങ്കുകളുടെ ഓഹരികള്‍ വില്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും അല്ലാത്ത പക്ഷം കൂടുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി സംഘടന മുന്നോട്ട് പോകുമെന്നും ബി.എം എസ് ദേശീയ സമിതി അംഗം സി ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ബി എം എസിന്റെ നേതൃത്വത്തില്‍ ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഓള്‍ ഇന്ത്യാ ഗ്രാമീണ്‍ ബാങ്ക് വര്‍ക്കേഴ്‌സ് ഓര്‍ഗനൈസേഷന്‍, ഓള്‍ ഇന്ത്യാ ഗ്രാമീണ്‍ ബാങ്ക് ഓഫീസേഴ്‌സ് ഓര്‍ഗനൈസേഷന്‍ എന്നിവയുടെ സംസ്ഥാന കമ്മറ്റി ബാങ്കിന്റെ മലപ്പുറം ഹെഡ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ഗ്രാമീണ്‍ ബാങ്ക് ഓഫീസേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് റാം ഗോപാല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഓള്‍ ഇന്ത്യാ ഗ്രാമീണ്‍ ബാങ്ക് വര്‍ക്കേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ഗോപീഷ് ഉണ്ണി മുഖ്യ പ്രഭാഷണം നടത്തി. ഓള്‍ ഇന്ത്യാ ഗ്രാമീണ്‍ ബാങ്ക് വര്‍ക്കേഴ്‌സ് ഓര്‍ഗനൈസേഷന്‍ വൈസ് പ്രസിഡന്റ് പി കെ പ്രമീഷ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ജി ജനീഷ്, കേരള ഗ്രാമീണ്‍ ബാങ്ക് ഓഫീസേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കെ ദിവ്യ , ബി എം എസ് സെക്രട്ടറി എല്‍.സതിഷ് , കേരള ഗ്രാമീണ്‍ ബാങ്ക് റിട്ടയറീസ് ഓര്‍ഗനൈസേഷന്‍ കണ്‍വീനര്‍ വി രവീന്ദ്രനാഥന്‍, സായ് പ്രസാദ് എന്നിവര്‍ സംസാരിച്ചു. കേരള ഗ്രാമീണ്‍ ബാങ്ക് വര്‍ക്കേഴ്‌സ് ഓര്‍ഗനൈസേഷന്‍ വൈസ് പ്രസിഡന്റ് പി പ്രദീപ് സ്വാഗതവും കേരള ഗ്രാമീണ്‍ ബാങ്ക് ഓഫീസേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജോയിന്റ് സെക്രട്ടറി പി എം നിരഞ്ജന്‍ നന്ദിയും പറഞ്ഞു. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക,ജീവനക്കാരുടെ സ്ഥലമാറ്റ നയത്തിലെ അപാകതകള്‍ പരിഹരിക്കുക,ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരുടെ മുഴുവന്‍ അലവന്‍സുകളും മറ്റ് ആനുകൂല്യങ്ങളും സ്‌പോണ്‍സര്‍ ബാങ്കിന് തുല്യമാക്കുക,പന്ത്രണ്ടാം ശമ്പള കരാര്‍ പൂര്‍ണ്ണമായി ഗ്രാമീണ്‍ ബാങ്കുകളില്‍ നടപ്പാക്കുക,സംസ്ഥാന തലത്തിലുള്ള പ്രവര്‍ത്തനം നിലനിര്‍ത്തിക്കൊണ്ട് രാഷ്ട്രീയ ഗ്രാമീണ്‍ ബാങ്ക് രൂപീകരിക്കുക,താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക,ജീവനക്കാരുടെ വിശേഷാദായത്തിന്റെ ആനുകൂല്യങ്ങളുടെ നികുതി ഉള്‍പ്പടെയുള്ള ബാധ്യതകള്‍ മാനേജ്‌മെന്റ് വഹിക്കുക,ഗ്രാമീണ്‍ ബാങ്ക് സംഘടനകളെ ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയേഷനില്‍ ഉള്‍പ്പെടുത്തുക,5 ദിവസ ബാങ്കിംഗ് എന്ന തത്വം നടപ്പാക്കുക,പഴയ പെന്‍ഷന്‍ പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും ധര്‍ണ്ണയില്‍ ഉന്നയിച്ചു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ആഗസ്റ്റ് 22 ന് പണിമുടക്കിനും സംഘടനകള്‍ ആഹ്വാനം ചെയ്തതായി ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL