കോഴിക്കോട് മിംസ് ഹോസ്പിറ്റലിനടുത്തുള്ള മർഹബ ലോഡ്ജിൽ മെഡിക്കൽ കോളേജ് പോലീസും സിറ്റി നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ 710 ഗ്രാം എം.ഡി.എം.എ പിടികൂടി. കല്ലാച്ചി വാണിമേൽ സ്വദേശി ഷംസീറാണ് (36) ഈ കേസിൽ പിടിയിലായത്. 17 വർഷത്തോളം വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാൾ ആറുമാസം മുമ്പാണ് നാട്ടിലെത്തിയത്. ബംഗളൂരു, ഗോവ, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ നിന്ന് മയക്കുമരുന്ന് മൊത്തമായി എത്തിച്ച് തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ വിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാനിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.മറ്റൊരു പരിശോധനയിൽ, പന്തീരാങ്കാവ് പയ്യടിത്താഴത്തെ വാടകവീട്ടിൽ നിന്ന് 8.32 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേരെ കൂടി ഡാൻസഫ് സംഘം പിടികൂടി. നല്ലളം സ്വദേശി മുഹമ്മദ് ഷാഫി (26), വിമുക്തഭടൻ സിഗിൻ ചന്ദ്രൻ (36), മോഡലും ബ്യൂട്ടീഷനുമായ കുറ്റ്യാടി സ്വദേശിനി ദിവ്യ (35) എന്നിവരാണ് അറസ്റ്റിലായത്. ഇവന്റ് മാനേജ്‌മെന്റ് എന്ന വ്യാജേന വീട് വാടകയ്‌ക്കെടുത്തായിരുന്നു ഇവരുടെ മയക്കുമരുന്ന് കച്ചവടം. കോഴിക്കോട് ജില്ലയിലെ വിവിധ മാളുകൾ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തിയിരുന്ന സംഘമാണിതെന്ന് പോലീസ് അറിയിച്ചു.

