
മസ്കറ്റ്: ഒമാനിൽ ടൂറിസ്റ്റ് വിസയിലെത്തി ജ്വല്ലറി ഭിത്തി തുരന്ന് വൻ കവർച്ച നടത്തിയ രണ്ട് യൂറോപ്യൻ പൗരന്മാർ പിടിയിൽ. മസ്കറ്റ് ഗവർണറേറ്റിലെ അല്‍ ഖുബ്റയിൽ നടന്ന സംഭവത്തിൽ 23 കോടിയിലധികം രൂപ (ഏകദേശം ഒരു മില്യൻ ഒമാനി റിയാൽ) വിലവരുന്ന സ്വർണവും പണവുമാണ് ഇവർ കവർന്നത്.കൃത്യം നടത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒമാൻ റോയൽ പോലീസ് സാഹസികമായാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് മോഷ്ടിച്ച സ്വർണവും പണവും കണ്ടെടുത്തിട്ടുണ്ട്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികൾ മോഷണം നടത്തിയത്. ജ്വല്ലറിക്ക് സമീപം നേരത്തെ മുറിയെടുത്ത് താമസിച്ചാണ് ഇവർ കവർച്ച ആസൂത്രണം ചെയ്തത്. തുടർന്ന് കഴിഞ്ഞ ദിവസം പുലർച്ചെ ജ്വല്ലറിയുടെ ചുമർ തുരന്ന് അകത്ത് കയറി ആഭരണങ്ങളും പണവും മോഷ്ടിക്കുകയായിരുന്നു.ടൂറിസ്റ്റ് വിസയിലെത്തിയ ഇവർ മോഷണമുതൽ ഒളിപ്പിച്ച് സ്വന്തം നാട്ടിലേക്ക് കടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. വിവരം ലഭിച്ച ഉടൻ സ്ഥലത്തെത്തിയ പോലീസ് സംഘം നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതികൾ വലയിലായത്. കവർച്ചയ്ക്ക് ഉപയോഗിച്ച ഉപകരണങ്ങളും മറ്റ് തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
