Wednesday, September 17News That Matters
Shadow

കുട്ടികളെ ലക്ഷ്യമിട്ട് കച്ചവടം, കാപ്പ കേസ് പ്രതി അറസ്റ്റിൽ

തൃശൂർ: കാപ്പ ചുമത്തി നാടുകടത്തിയ കുപ്രസിദ്ധ ക്രിമിനലും മയക്കുമരുന്ന് കച്ചവടക്കാരനുമായ പ്രതിയെ പൊലീസ് പിടികൂടി. താന്ന്യം കുളപ്പാടത്തിന് സമീപം കുറുപ്പത്തറ അജിത്ത് (30) ആണ് അറസ്റ്റിലായത്. വീടിന് സമീപത്തു വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ലഹരി മരുന്ന് നൽകിയ കേസുൾപ്പെടെ നിരവധി മയക്കുമരുന്ന് കേസുകൾ ഇയാളുടെ പേരിലുണ്ട്. കൂടാതെ വധശ്രമ കേസടക്കം നിരവധി ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണ്.  ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അജിത്തിനെതിരെ കഴിഞ്ഞ മാസമാണ് കാപ്പ ചുമത്തിയത്. ഓണക്കാലത്ത് ലഹരി കച്ചവടം തടയാനുള്ള നടപടിയുടെ ഭാഗമായുള്ള പരിശോധനയിലാണ് ഇയാൾ പൊലീസിന്റെ വലയിലായത്. രാസലഹരി ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ സ്ഥലത്തെത്തിച്ച് വൻതോതിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും ഇടയിൽ വില്പന നടത്തുന്ന പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. തൃശൂർ റൂറൽ ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസന്വേഷണം നടത്തിയത്. കാപ്പ ലംഘിച്ച് നാട്ടിലെത്തുന്ന പ്രതികൾക്കെതിരെ ശക്തമായ നടപടികളാണ് പൊലീസ് സ്വീകരിച്ചു വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL