കെഎസ്‌ആര്‍ടിസിയുടെ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച ഗതാഗത മന്ത്രിക്കും രക്ഷയില്ല. യാത്രക്കാരനെന്ന നിലയില്‍ ഗണേഷ് കുമാർ വിളിച്ചിട്ടും ആരും ഫോണ്‍ എടുത്തില്ല. എടുത്തപ്പോള്‍ മറുപടിയുമില്ല. ഇതോടെ ഒന്പത് കണ്ടക്ടർമാരെ ഉടനടി സ്ഥലം മാറ്റി. കഴിഞ്ഞ ദിവസമാണ് സെക്രട്ടറിയേറ്റില്‍ ഉണ്ടായിരുന്ന മന്ത്രി കെഎസ്‌ആർടിസി ചീഫ് ഓഫീസില്‍ പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചത്.ആദ്യം വിളിച്ചപ്പോള്‍ ആരും എടുത്തില്ല. വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ എടുത്ത ഉദ്യോഗസ്ഥ കൃത്യമായ മറുപടി നല്‍കിയില്ല. ഇതേ തുടന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ സ്ഥലം മാറ്റാൻ കെഎസ്‌ആർടിസി സിഎംഡിക്ക് മന്ത്രി നിർദ്ദേശം നല്‍കിയത്. ഡെപ്യൂട്ടേഷനില്‍ കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്തിരുന്ന 9 പേരെ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിലേക്ക് സ്ഥലം മാറ്റി സിഎംഡി ഉടനടി ഉത്തരവും ഇറക്കി. കെഎസ്‌ആർടിസി ജീവനക്കാരെക്കുറിച്ചുള്ള പരാതികള്‍ അറിയിക്കാനും ബസ് സമയം അറിയാനുമാണ് കണ്‍ട്രോള്‍റൂം 24 മണിക്കൂറും പ്രവർത്തിക്കുന്നത്. ബസ് ടിക്കറ്റില്‍ തന്നെ കണ്‍ട്രോള്‍ റൂം നമ്ബർ നല്‍കിയിട്ടുണ്ട്. എന്നാല്‍ കണ്‍ട്രോള്‍ റൂമുകള്‍ക്കെതിരെ നിരവധി പരാതികള്‍ ഉയരുന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ സർജിക്കല്‍ സ്ട്രൈക്ക്. കഴിഞ്ഞ ദിവസം കണ്‍ട്രോള്‍ റൂം സംവിധാനം മതിയാക്കുകയാണെന്നും പകരം ആപ്പ് കൊണ്ടു വരികയാണെന്നും മന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നേരിട്ടുള്ള ഫോണ്‍ വിളിയും സ്ഥലമാറ്റവും.
