സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിനെ കാണാൻ പ്രിയപ്പെട്ട ഉമ്മയെത്തി. റിയാദിലെ ജയിലി വച്ചാണ് ഇരുവരും തമ്മിലുള്ള വൈകാരികമായ കൂടിക്കാഴ്ച നടന്നത്. പതിനെട്ട് വർഷങ്ങള്‍ക്ക് ശേഷമാണ് അബ്ദുള്‍ റഹീമിനെ ഒരുനോക്ക് കാണാനായി ഉമ്മയെത്തിയത്. കോഴിക്കോട് സ്വദേശിയായ അബ്ദുള്‍ റഹീമിനെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ജയില്‍ മോചനം പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കും.
ഇതിനിടയിലാണ് മകനെ കാണാനായി ഉമ്മ നാട്ടില്‍ നിന്നും സൗദിയിലെത്തിയത്. വികാരനിർഭരമായ നിമിഷങ്ങള്‍ക്കാണ് ഇന്ന് രാവിലെ റിയാദിലെ ജയില്‍ സാക്ഷിയായത്. രണ്ട് പതിറ്റാണ്ട് കാലത്തെ വിശേഷങ്ങള്‍ പറഞ്ഞു തീർക്കാനുള്ളതിന് അപ്പുറം ഇന്നത്തെ കൂടിക്കാഴ്ചയ്ക്ക് പ്രത്യേകതകള്‍ ഏറെയായിരുന്നു.ഇനി ഒരിക്കലും കാണാൻ കഴിയില്ലെന്ന് കരുതിയ മകനെ നേരിട്ട് കണ്ടതിന്റെ ആശ്വാസത്തിലായിരുന്നു ഫാത്തിമ. മക്കയില്‍നിന്ന് ഉംറ നിർവഹിച്ച ശേഷമാണ് റഹീമിന്റെ ഉമ്മ റിയാദില്‍ എത്തിയത്. ശേഷം ഇന്ന് രാവിലെയാണ് റിയാദ് അല്‍ഖർജ് റോഡിലെ അല്‍ ഇസ്ക്കാൻ ജയിലില്‍ ഫാത്തിമ മകനെ ഒരു നോക്ക് കാണാനായി വന്നത്. അരമണിക്കൂറോളം ഈ കൂടിക്കാഴ്ച നീളുകയുണ്ടായി.
നേരത്തെ ഇവിടെ എത്തിയപ്പോള്‍ ഫാത്തിമയ്ക്ക് റഹീമിനെ കാണാൻ കഴിയാതെ മടങ്ങേണ്ടി വന്നിരുന്നു. തല്ക്കാലം ആരും കാണാൻ വരണ്ടെന്നായിരുന്നു അപ്പോള്‍ റഹീം അറിയിച്ചിരുന്നത്. എന്നാല്‍ ഇക്കുറി ഒരു തടസവും കൂടാതെ തന്റെ മകനെ കാണാൻ കഴിഞ്ഞതിന്റെ ആശ്വാസം ഫാത്തിമയുടെ മുഖത്ത് പ്രകടമായിരുന്നു.അതേസമയം, നവംബർ പതിനേഴിനാണ് അബ്ദുള്‍ റഹീമിന്റെ കേസ് കോടതി പരിഗണിക്കുന്നത്. നേരത്തെ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ച് തന്നെയാണ് അന്ന് കേസ് പരിഗണിക്കുക. അന്ന് മോചന ഉത്തരവ് ഉണ്ടാവുമോ എന്നാണ് ഉറ്റുനോക്കുന്നത്. റഹീമിന്റെ മോചനത്തിന് ഇനി കുറച്ച് നടപടിക്രമങ്ങള്‍ മാത്രമാണ് ബാക്കിയുള്ളതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. റിയാദിലെ റഹീം നിയമസഹായ സമിതിയാണ് നിലവില്‍ ഇവിടുത്തെ കാര്യങ്ങള്‍ നിർവഹിക്കുന്നത്. സൗദി സ്വദേശിയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു കോഴിക്കോട് കോടമ്ബുഴ സ്വദേശിയായ അബ്ദുള്‍ റഹീമിനെ കോടതി വധ ശിക്ഷയ്ക്ക് വിധിച്ചത്. അടുത്തിടെയാണ് കേസില്‍ വധശിക്ഷയില്‍ നിന്ന് അബ്ദുള്‍ റഹീമിനെ കോടതി മുക്തനാക്കിയത്.നേരത്തെ റഹീമിന്റെ മോചനത്തിനായി കേരളത്തില്‍ വലിയ തോതില്‍ ഫണ്ട് ശേഖരണം ഉള്‍പ്പെടെ നടന്നിരുന്നു. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം ബ്ലഡ് മണിയായി ആവശ്യപ്പെട്ട 34 കോടി രൂപ കണ്ടെത്താനായിരുന്നു ഫണ്ട് ശേഖരണം നടന്നത്. പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ ഉള്‍പ്പെടെയാണ് ഇതിന് നേതൃത്വം നല്‍കിയത്.