Sunday, March 15News That Matters
Shadow

പ്രതിശ്രുത വധുവിനെയും സുഹൃത്തിനെയും കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

മലപ്പുറം: പ്രതിശ്രുത വധു മറ്റൊരു യുവാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നത് കണ്ടതിലുള്ള പ്രകോപനത്തിൽ ഇവരെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിലായി. മമ്പാട് കാരാട് നായട്ടുകല്ല് സ്വദേശി അശ്മിലിനെയാണ് നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച അർദ്ധരാത്രി പന്ത്രണ്ട് മണിയോടെ മമ്പാട് പൊങ്ങല്ലൂരിലാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അശ്മിലും യുവതിയും തമ്മിലുള്ള വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നതാണ്. ഇതിനിടെയാണ് യുവതി മറ്റൊരു യുവാവിനൊപ്പം ബൈക്കിൽ പോകുന്നത് അശ്മിലിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കാറിൽ ഇവരെ പിന്തുടർന്ന പ്രതി, പൊങ്ങല്ലൂരിൽ വെച്ച് ബൈക്കിന് പിന്നിലേക്ക് ബോധപൂർവ്വം കാർ ഇടിച്ചുകയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവതിക്കും ഒപ്പമുണ്ടായിരുന്ന യുവാവിനും പരിക്കേറ്റു. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നാലെ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് നിലമ്പൂർ പോലീസ് സ്ഥലത്തെത്തി അശ്മിലിനെ കസ്റ്റഡിയിലെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു. വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL