കൊണ്ടോട്ടി: നഗരത്തിലെ പുതുക്കി നിർമിച്ച നഗരസഭ കോംപ്ലക്സിന് മുന്‍ കേന്ദ്ര മന്ത്രി ഇ. അഹമ്മദിന്റെ പേര് നല്കാന് ധാരണ. വെള്ളിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. കെട്ടിടം നില്ക്കുന്ന സ്ഥലം നേരത്തെ സൗജന്യമായി നല്കിയ സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ രാഷ്ട്രീയ, സാംസ്കാരിക നേതാവുമായിരുന്ന എടക്കോട്ട് മുഹമ്മദിന്റെ പേരിടണമെന്ന് ആവശ്യം വിവിധ കോണുകളില്‍ നിന്നുയരുന്നതിനിടെയാണ് കെട്ടിടം ഇ. അഹമ്മദിന്റെ സ്മാരകമാക്കി നഗരസഭ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം കേന്ദ്രമന്ത്രി സ്ഥാനത്തിരുന്ന ഇ. അഹമ്മദ് 20 വര്‍ഷത്തോളം ഈ പ്രദേശത്തിന്റെ ലോക്സഭ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തോടുള്ള ബഹുമാനസൂചകമായിട്ടാണ് കെട്ടിടത്തിന് അഹമ്മദിന്റെ പേര് നല്കാന് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചത്. ടി.വി. ഇബ്രാഹിം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. നവീകരിച്ച നഗരസഭ കോംപ്ലക്സ് ഒക്ടോബര്‍ അഞ്ചിന് രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. നേരത്തെ ഗ്രാമപഞ്ചായത്ത് ഓഫിസായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ പിന്നീട് എംഎല്.എ കാര്യാലയവും നഗരസഭയുടെ ഹോമിയോ ഡിസ്പെന്‍സറിയും പ്രവര്‍ത്തിച്ചു. പഴയ കെട്ടിടം പൊളിച്ച് നിർമിച്ച പുതിയ കെട്ടിടത്തില്‍ ഹോമിയോ ഡിസ്പെന്‍സറി, എം.എല്‍.എ കാര്യാലയം, വയോമിത്രം ക്ലിനിക്ക് തുടങ്ങിയ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുക. നഗരസഭാധ്യക്ഷ നിത ഷഹീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഉപാധ്യക്ഷന്‍ അഷ്റഫ് മടാന്‍, സ്ഥിരം സമിതി അധ്യക്ഷരായ സി. മിനിമോള്‍, കെ.പി. ഫിറോസ്, എ. മുഹിയുദ്ദീന് അലി, സി.ടി. ഫാത്തിമത്ത് സുഹറാബി, റംല കൊടവണ്ടി, സെക്രട്ടറി ഫിറോസ് ഖാന് എന്നിവര്‍ സംസാരിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com