തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയില്‍ അഞ്ചംഗ കുടുംബത്തെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് പൊലീസ്. സംഭവം കൂട്ട ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഉപേക്ഷിക്കപ്പെട്ട കാറിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു. ബുധനാഴ്ച രാവിലെ തിരുച്ചി-കാരൈക്കുടി ദേശീയപാതയിലാണ് കാർ നിർത്തിയിട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതല്‍ നമനസമുദ്രത്തില്‍ ഇതേ സ്ഥലത്ത് കാർ പാർക്ക് ചെയ്യുന്നത് കണ്ട നാട്ടുകാർ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. 50 കാരനായ ബിസിനസുകാരനായ മണികണ്ഠൻ, ഭാര്യ നിത്യ, അമ്മ സരോജ, അവരുടെ രണ്ട് കുട്ടികള്‍ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. കണ്ടെത്തിയ സ്ഥലത്തുനിന്ന് 200 കിലോമീറ്റർ അകലെയുള്ള സേലത്താണ് ഇവർ താമസിക്കുന്നത്. വിഷം കഴിച്ച് മരിച്ചതെന്നാണ് സംശയം. കാറില്‍ നിന്ന് ഒരു കുറിപ്പും പൊലീസ് കണ്ടെടുത്തു. ആത്മഹത്യക്ക് കാരണമെന്താണെന്നും വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പണമിടപാടുകാരില്‍ നിന്ന് സമ്മർദ്ദത്തിലായിരുന്നോവെന്നും അന്വേഷിക്കുകയാണ്. ലോഹക്കച്ചവടത്തില്‍ ഏർപ്പെട്ടിരുന്ന മണികണ്ഠൻ കടക്കെണിയിലായിരുന്നെന്നാണ് റിപ്പോർട്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി പുതുക്കോട്ട സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com