Wednesday, September 17News That Matters
Shadow

ചരിത്രപ്പിറവി; 900 ഗോളുകള്‍ നേടുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

ചരിത്രപ്പിറവി; 900 ഗോളുകള്‍ നേടുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കരിയറില്‍ മറ്റൊരു അതുല്യ റെക്കോഡ് കൂടി സ്വന്തം പേരിലാക്കി പോർച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. രാജ്യത്തിനും ക്ലബിനുമായി 900 ഗോള്‍ പൂർത്തിയാക്കി ഔദ്യോഗിക മത്സരങ്ങളില്‍ ഇത്രയും ഗോള്‍ നേടുന്ന ആദ്യ പുരുഷതാരമെന്ന നേട്ടമാണ് സ്വന്തമാക്കിയത്. ക്രൊയേഷ്യക്കെതിരായ നേഷൻസ് ലീഗ് മത്സരത്തില്‍ പോർച്ചുഗലിനായി 34ാം മിനിറ്റില്‍ നൂനോ മെൻഡസിന്റെ ക്രോസ് ക്ലോസ് റേഞ്ചില്‍നിന്ന് പോസ്റ്റിലേക്ക് തിരിച്ചുവിട്ടാണ് ചരിത്ര നേട്ടം. ഗോളടിച്ച ശേഷം വികാരഭരിതനായ താരം ഗ്രൗണ്ടില്‍ കിടന്നു.

ഏറെ നാളായി ഞാൻ എത്താൻ ആഗ്രഹിച്ച ഒരു നാഴികക്കല്ലായിരുന്നു ഇത്. ഞാൻ ഈ നമ്ബറില്‍ എത്തുമെന്ന് എനിക്കറിയാമായിരുന്നു, കാരണം ഞാൻ കളി തുടരുമ്ബോള്‍ അത് സ്വാഭാവികമായി സംഭവിക്കും. ഇതൊരു നാഴികക്കല്ലായതിനാല്‍ വൈകാരികമായിരുന്നു. ഇതും മറ്റേതൊരു നാഴികക്കല്ല് പോലെ തോന്നുന്നു. എന്നാല്‍, എനിക്കും എനിക്ക് ചുറ്റുമുള്ള ആളുകള്‍ക്കുമേ അറിയൂ, എല്ലാ ദിവസവും പ്രയത്നിക്കാനും ശാരീരികമായും മാനസികമായും ഫിറ്റായിരിക്കാനും 900 ഗോളുകള്‍ നേടാനും എത്ര ബുദ്ധിമുട്ടാണെന്ന്. എൻ്റെ കരിയറിലെ അതുല്യമായ ഒരു നാഴികക്കല്ലാണിത്’ -റൊണാള്‍ഡോ മത്സരത്തിന് ശേഷം പ്രതികരിച്ചു. ‘ഞാൻ ഇത് സ്വപ്നം കണ്ടിരുന്നു, എനിക്ക് കൂടുതല്‍ സ്വപ്നങ്ങളുണ്ട്. എല്ലാവർക്കും നന്ദി!’ എന്നായിരുന്നു നേട്ടത്തിന് പിന്നാലെ ക്രിസ്റ്റ്യാനോ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച പ്രത്യേക വിഡിയോക്കൊപ്പം കുറിച്ചത്.

പോർച്ചുഗലിനായി 131 ഗോളുകളാണ് ക്രിസ്റ്റ്യാനോയുടെ സംഭാവന. ക്ലബ് തലത്തില്‍ റയല്‍ മാഡ്രിഡിനായി 450ഉം മാഞ്ചസ്റ്റർ യുനൈറ്റഡിനായി 145ഉം യുവന്റസിനായി 101ഉം അല്‍നസ്റിനായി 68ഉം ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. ഇതിന് പുറമെ കരിയർ ആരംഭിച്ച സ്പോർട്ടിങ് ലിസ്ബണിനായി അഞ്ച് ഗോളും നേടിയിട്ടുണ്ട്. 1236 മത്സരങ്ങളില്‍നിന്നാണ് 900 ഗോളുകളിലെത്തിയത്.അർജന്റീനയുടെ ഇതിഹാസതാരം ലയണല്‍ മെസ്സിയാണ് ഗോള്‍വേട്ടയില്‍ ക്രിസ്റ്റ്യാനോക്ക് തൊട്ടുപിന്നിലുള്ളത്. 859 ഗോളുകളാണ് മെസ്സിയുടെ അക്കൗണ്ടിലുള്ളത്. ക്രിസ്റ്റ്യാനോക്ക് പുറമെ ഡിയോഗോ ഡലോട്ട് ഗോളും സെല്‍ഫ് ഗോളും നേടിയ മത്സരത്തില്‍ പോർച്ചുഗല്‍ 2-1നാണ് ക്രൊയേഷ്യക്കെതിരെ ജയിച്ചുകയറിത്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL