Thursday, July 30News That Matters
Shadow

ഡോ. അലി അക്ഷദ് മികച്ച NSS പ്രോഗ്രാം ഓഫീസർ

തിരൂരങ്ങാടി:കാലിക്കറ്റ് സർവ്വകലാശാലയുടെ 2024-25 അധ്യയന വർഷത്തെ മികച്ച എൻ.എസ്.എസ് (NSS) പ്രോഗ്രാം ഓഫീസറായി തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. അലി അക്ഷദ് എം. നെ തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കോളേജ് എൻ.എസ്.എസ് യൂണിറ്റ് നമ്പർ 26 മികച്ച എൻ.എസ്.എസ് യൂണിറ്റായും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, മികച്ച എൻ.എസ്.എസ് വളന്റിയർമാർക്കുള്ള അവാർഡുകൾ ഇതേ യൂണിറ്റിലെ മുഹമ്മദ്‌ മുനീഷ് വി.കെ., നാഫില പി. എന്നിവർ കരസ്ഥമാക്കി.വിദ്യാർത്ഥികളെയും പ്രദേശവാസികളെയും ഏകോപിപ്പിച്ച് നടത്തിയ മാതൃകാപരമായ സാമൂഹിക സേവന പ്രവർത്തനങ്ങളാണ് ഈ അംഗീകാരത്തിന് അർഹമാക്കിയത്. വീടില്ലാത്ത സഹപാഠികൾക്കായി ആറ് വീടുകൾ നിർമ്മിച്ച് നൽകിയ ‘സൗഹൃദ ഭവനം’ (അഭയം – കാലിക്കറ്റ് യൂണിവേഴ്സിറ്റി) പദ്ധതി, ഗ്രാമീണ മേഖലയിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി എ.ആർ. നഗർ പഞ്ചായത്തിലെ പുകയൂരിലും പൊൻമുണ്ടം നെരാലയിലും സ്ഥാപിച്ച ‘എം.കെ. ഹാജി വില്ലേജ് ലൈബ്രറികൾ’, പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ ഉള്ളണം ടൗൺ സൗന്ദര്യവൽക്കരണത്തിനായുള്ള ‘ക്ലീൻ ഗ്രീൻ ഉള്ളണം’, ഊർപ്പായി ചിറ ശുദ്ധീകരണം എന്നിവ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്.കൂടാതെ, തിരൂരങ്ങാടി താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ, എയ്ഡ്സ്, മയക്കുമരുന്ന്, കാൻസർ ബോധവൽക്കരണ പരിപാടികൾ, ‘പി.എസ്.എം.ഒ കെയർ’ പാലിയേറ്റീവ് പ്രവർത്തനങ്ങൾ, ‘ബ്ലഡ് ലിങ്ക്’ രക്തദാന ക്യാമ്പുകൾ, വൃക്ഷത്തൈകൾ നടുന്ന ‘ഫ്രൂട്ട്ഫുൾ വില്ലേജ്’, ‘ബയോ ഫാർമിംഗ്’ ജൈവകൃഷി പ്രോത്സാഹനം, ആരോഗ്യ വകുപ്പുമായി സഹകരിച്ച് നടത്തിയ സ്തനാർബുദ-ജീവിതശൈലി രോഗ ബോധവൽക്കരണം, ബീച്ച് ശുചീകരണം, കാർബൺ ന്യൂട്രൽ ക്യാമ്പസ്, റീഫർബിഷ്ഡ് പേന നിർമ്മാണം, ഈ-വേസ്റ്റ് മാനേജ്മെന്റിന്റെ ഭാഗമായുള്ള റീഫർബിഷ്ഡ് ബൾബ് നിർമ്മാണം തുടങ്ങിയ ബഹുമുഖ പദ്ധതികളും പുരസ്കാരത്തിന് നിർണ്ണായകമായി.തിരൂരങ്ങാടി താലൂക്ക് തല യു.ഡി.ഐ.ഡി (UDID) രജിസ്ട്രേഷൻ പൂർത്തീകരിച്ചതും ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ‘കലാലയം സർഗ്ഗവേദി’ രൂപീകരിച്ചതും മുൻനിർത്തി കേരള സർക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന്റെ 2024-ലെ ‘സഹചാരി അവാർഡും’ കോളേജ് എൻ.എസ്.എസ് യൂണിറ്റ് കരസ്ഥമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL