
തിരൂരങ്ങാടി: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (KATF) സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ സംഘടിപ്പിച്ച പരപ്പനങ്ങാടി സബ്ജില്ലാ അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് തൃക്കുളം ഗവൺമെന്റ് ഹൈസ്കൂളിൽ വെച്ച് നടന്നു. എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി നിരവധി വിദ്യാർത്ഥികളാണ് ആവേശപൂർവം മത്സരത്തിൽ പങ്കെടുത്തത്.
മത്സരത്തിന്റെ ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും മുനിസിപ്പൽ വൈസ് ചെയർമാൻ എം. അബ്ദുറഹിമാൻ കുട്ടി നിർവഹിച്ചു. കെ.എ.ടി.എഫ്. പരപ്പനങ്ങാടി സബ്ജില്ലാ പ്രസിഡന്റ് പി.പി. നാസർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തൃക്കുളം ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സാബിറ ടീച്ചർ, മുജാഹിദ് പനക്കൽ, ജസീൽ കെ.പി., കെ. ഹബീബ ടീച്ചർ, സലാം കക്കാട് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മുനീർ താനാളൂർ, ഫാഹിം ചേളാരി, ഹബീബ വെന്നിയൂർ, ഷഹർബാനു ചുള്ളിപ്പാറ, നിയാസ് അത്താണിക്കൽ, റഷീദ പരപ്പനങ്ങാടി, സ്വബീഹ് ചേലമ്പ്ര, ഗഫൂർ തൃക്കുളം, ഖൈറുന്നിസ ചിറമംഗലം, ഷമീർ പുത്തൻകടപ്പുറം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളിൽ അറബി ഭാഷയോടുള്ള താൽപര്യവും ഭാഷാപരമായ മികവും വളർത്തുക, വായന, എഴുത്ത്, വ്യാകരണം, പദസമ്പത്ത്, ആശയവിനിമയശേഷി എന്നിവ വികസിപ്പിക്കുക, അക്കാദമിക മികവ് പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് സംഘടിപ്പിച്ചത്. വിദ്യാർത്ഥികളിലെ ഭാഷാപ്രതിഭകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും ഉന്നതതല മത്സരങ്ങൾക്ക് സജ്ജരാക്കുന്നതിനും ഇത് മികച്ച വേദിയാണെന്ന് സംഘാടകർ അറിയിച്ചു. സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥികൾക്ക് തുടർന്ന് നടക്കുന്ന ജില്ല, സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3
