Saturday, June 13News That Matters
Shadow

അധ്യാപക നേതാക്കളുടെ സ്ഥലംമാറ്റം: ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കത്തിച്ച് മലപ്പുറം ഡിഡിഇ ഓഫീസിന് മുന്നില്‍ കെഎസ്ടിഎ പ്രതിഷേധ മാര്‍ച്ച് നടത്തി

മലപ്പുറം: മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കെഎസ്ടിഎ നേതാക്കളെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരെ മലപ്പുറത്ത് പ്രതിഷേധമിരമ്പി. മലപ്പുറം ഡിഡിഇ ഓഫീസിന് മുന്നില്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ ശക്തമായ പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായി വിവാദമായ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ അധ്യാപകര്‍ പരസ്യമായി കത്തിച്ചു.കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് അജിത്ത് ലൂക്ക് അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ശ്രീജ സി.ടി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സരിത സ്വാഗതവും ട്രഷറര്‍ രത്‌നാകരന്‍ ടി നന്ദിയും പറഞ്ഞു.കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി.ജെ ബിനേഷ്, വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി വില്‍സണ്‍ തോമസ് എന്നിവരെ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. സമഗ്രശിക്ഷാ കേരളയില്‍ അന്യത്രസേവന (ഡെപ്യൂട്ടേഷന്‍) വ്യവസ്ഥയില്‍ ജോലിചെയ്യുകയായിരുന്ന ഇരുവരും കാലാവധി അവസാനിപ്പിച്ച് തിരികെ വിദ്യാലയങ്ങളിലേക്ക് മടങ്ങാന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതനുസരിച്ച് ബിനേഷിനെ പെരിക്കല്ലൂര്‍ ഗവ. എച്ച്.എസ്.എസിലും വില്‍സണ്‍ തോമസിനെ നൂല്‍പ്പുഴ രാജീവ് ഗാന്ധി എം.ആര്‍.എച്ച്.എസിലും നിയമിച്ചു. എന്നാല്‍, ഈ ഉത്തരവുകള്‍ റദ്ദാക്കിക്കൊണ്ടാണ് പിന്നീട് ഇരുവരെയും കാസര്‍കോട്ടേക്ക് മാറ്റി നിയമിച്ചത്. ഡെപ്യൂട്ടേഷനില്‍നിന്ന് മടങ്ങിവരുന്ന ജീവനക്കാര്‍ക്ക് നിലവിലുള്ള ഒഴിവുകളില്‍ നിയമനം നല്‍കണമെന്ന വ്യവസ്ഥ ലംഘിച്ചാണ് ഈ പ്രതികാര നടപടി ഉണ്ടായിരിക്കുന്നതെന്ന് കെഎസ്ടിഎ കുറ്റപ്പെടുത്തി. ഇതില്‍ വില്‍സണ്‍ തോമസിന് സര്‍വീസില്‍ നിന്നും വിരമിക്കാന്‍ കേവലം ഒരു വര്‍ഷം മാത്രമാണ് അവശേഷിക്കുന്നത്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായുള്ള ഈ സ്ഥലംമാറ്റ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും, സ്വന്തം ജില്ലയില്‍ തന്നെ നിയമനം നല്‍കിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കുമെന്നും കെഎസ്ടിഎ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL